X/Dank Jetha
ഷാരൂഖ് ഖാന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചത് മുതല്‍ നടനെ ട്രോളിയും എയറിലാക്കിയും ഉന്‍മാദിച്ചുകൊണ്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. ജവാനിലെ പ്രകടനത്തിന് ഖാനെ മികച്ച നടനായി തിരഞ്ഞെടുത്തത് വന്‍ തോതില്‍ വിമര്‍ശനമേറ്റുവാങ്ങിയ സംഭവമായിരുന്നു. പ്രമുഖരും വലിയൊരു ശതമാനം സാധാരണക്കാരും സിനിമയെയും സിനിമയുടെ അണിയറപ്രവര്‍ത്തകരെയും ദേശീയ ചലചിത്ര പുരസ്കാര ജൂറിയെയും വിമര്‍ശിച്ച് രംഗത്ത് വന്നു. ഷാരൂഖ് ഖാന് എന്നാല്‍ വിമര്‍ശനങ്ങള്‍ കളിയാക്കലുകളുടെ രൂപത്തിലാണ് വന്ന് തുടങ്ങിയത്. ട്രോളുകളും സിനിമയുടെ ഷോട്ടുകളും ആദ്യം ഉയര്‍ന്നു വന്നു. എന്നാല്‍ ഇതൊന്നും കൊണ്ട് മതിയായില്ല എന്നുറക്കെ പ്രഖ്യാപിച്ച് ഷാരൂഖിനെ പരിഹസിക്കാനായി പഴയ മീം കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
'ഹക്‌ല ഷാരൂഖ് ഖാന്‍' എന്ന് പേരിട്ട മീം പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സമൂഹമാധ്യമങ്ങളില്‍ ആദ്യമായി അപ്‌ലോഡ് ചെയ്യപ്പെട്ടത്. ഒരു കൊമേഡിയന്‍ ചിരി പടര്‍ത്താനായി വ്യത്യസ്തമായ രീതിയില്‍ മുടി വെട്ടി എടുത്ത ഒരു ചിത്രമാണ് ഹക്‌ല ഷാരൂഖ് ഖാന്‍ മീമിന് പിന്നിലെ യഥാര്‍ഥ ചിത്രം. ചിത്രത്തിന് ഷാരൂഖുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. കൊമേഡിയന്‍റെ മുഖത്തിന് പകരം ഷാരൂഖിന്‍റെ മുഖം മാറ്റി വച്ചു എന്നത് മാത്രമായിരുന്നു അന്നത്തെ പ്രത്യേകത. ഷാരൂഖിന്‍റ 1993ലെ ഹിറ്റ് ചിത്രമായ ഡറിലെ വിക്കുള്ള കഥാപാത്രത്തിന്‍റെ സംഭാഷണം ഒപ്പം ചേര്‍ത്താണ് മീം പ്രചരിച്ചത്. ഇത് കൂടാതെ 'വിക്കുള്ളയാള്‍' എന്നര്‍ഥം വരുന്ന 'ഹക്‌ല' എന്ന പേരും മീമിന് നല്കപ്പെട്ടു.
ഇടയ്ക്കിടെ ഗിഫുകളായും വിഡിയോകളായും ഈ മീം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവരാറുണ്ട്. ഷാരൂഖിന്‍റെ സോഷ്യല്‍ മീഡിയ ടീം വളരെ പണിപ്പെട്ട് ഒരു സമയത്ത് ഈ മീം എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും വിജയകരമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മീം വീണ്ടും ഷാരുഖിന്‍റെ പോസ്റ്റില്‍ തന്നെ കമന്‍റായി പ്രത്യക്ഷപ്പെട്ടു.
ദേശീയ അവാര്‍ഡ് നേട്ടത്തിന് പിന്നാലെ ഷാരൂഖ് ഖാനെ കളിയാക്കാനായി മുന്‍പത്തേതിലേറെയും ശക്തമായി മീം തിരിച്ചെത്തിയിരിക്കുകയാണ്. ഷാരൂഖിന്‍റെ പോസ്റ്റുകളിലും ഇന്‍സ്റ്റാ ഡിഎമ്മിലും സെക്കന്‍റിന് കണക്കായി ലക്ഷക്കണക്കിന് ഹക്‌ല മീമാണ് എത്തുന്നത്. ഇതോടെ ലോഡ് താങ്ങാതെ ഇന്‍സ്റ്റാഗ്രാം ഫ്രീസായിപ്പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എഐ വിഡിയോ സഹായത്തോടെ ഹക്‌ല ഷാരൂഖ് ഖാന്‍റെ മുഴുനീള വിഡിയോകള്‍ വരെ പ്രചരിക്കുന്നുണ്ട്.
മീം ഷാരൂഖ് ഖാനെ അസ്വസ്ഥനാക്കിയിട്ടുണ്ട് എന്ന് തെളിയിക്കുന്നത് തന്നെയാണ് ഷാരൂഖിന്‍റെ സോഷ്യല്‍ മീഡിയ ടീമിന്‍റെ പ്രവര്‍ത്തനം. എന്നാല്‍ ഷാരൂഖിനെതിരെ മാത്രമല്ല സല്‍മാന്‍ ഖാനെതിരെ സുജ സല്‍മാന്‍ എന്ന പേരിലും, അക്ഷയ് കുമാറിനെതിരെ ബനാന അക്കി എന്ന പേരിലും, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സായി നമോ എന്ന പേരിലും സമാനമായ റീലുകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.