ഭാവി തലമുറയ്ക്ക് ഷാറൂഖ് ഖാൻ ആരാണെന്ന് അറിയാന്‍ സാധ്യതയില്ലെന്ന് നടൻ വിവേക് ഒബ്‌റോയ്. അടുത്ത 25 വർഷം കഴിഞ്ഞാൽ ഷാറൂഖ് ഖാനെ പ്രേക്ഷകർ ഓർക്കില്ലെന്നാണ് വിവേക് ഒബ്‌റോയ് പറഞ്ഞത്. പഴയ കാല നടന്മാരെ ഇന്നത്തെ തലമുറയ്ക്ക് അറിയില്ല. അതുപോലെ ചരിത്രം നമ്മളെയെല്ലാം മറക്കുമെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.
'ഭാവി തലമുറകൾക്ക് ഷാറൂഖ് ഖാൻ എന്ന പേര് അറിയാന്‍ സാധ്യതയില്ല. 1960 കളിൽ ഇറങ്ങിയ സിനിമയെക്കുറിച്ച്, ഇന്ന് ആരോടെങ്കിലും നിങ്ങൾ ചോദിക്കാറുണ്ടോ, അതൊന്നും ഇപ്പോൾ ആരും ഓർക്കാറില്ല. അതുപോലെ തന്നെ നമ്മളും ചരിത്രത്തില്‍ മറഞ്ഞുപോകും. 2050 ൽ ''കോൻ ഷാറൂഖ് ഖാൻ?' (ആരാണ് ഷാറൂഖ് ഖാൻ?)" എന്ന് ആളുകൾ ചോദിച്ചേക്കാം', വിവേക് ഒബ്‌റോയ് പറഞ്ഞു.
'ആരാണ് രാജ് കപൂർ? ഞാനും നിങ്ങളും അദ്ദേഹത്തെ സിനിമയുടെ ദൈവം എന്ന് വിളിക്കും, പക്ഷേ രൺബീർ കപൂറിന്റെ ആരാധകനായ ഏതെങ്കിലും ചെറുപ്പക്കാരനോട് ചോദിച്ചാൽ, അവർക്ക് രാജ് കപൂർ ആരാണെന്ന് പോലും അറിയുകയില്ല. ചരിത്രം ഒടുവിൽ നമ്മളെയെല്ലാം ഒന്നുമില്ലായ്മയിലേക്ക് തള്ളിവിടും', വിവേക് ഒബ്‌റോയ് പറയുന്നു. പിങ്ക്‌വില്ലയുമായുള്ള അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ പരാമര്‍ശം.