indian-kidnapped-in-sudan

സംഘര്‍ഷം രൂക്ഷമായ സുഡാനിലെ ദാര്‍ഫൂറില്‍ ഇന്ത്യന്‍ പൗരനെ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് തട്ടിക്കൊണ്ടുപോയി. ഒറീസയിലെ  ജഗത്സിംഗ്പൂർ ജില്ലയില്‍ നിന്നുള്ള ആദര്‍ശ് ബെഹെറ എന്ന 35 കാരനാണ് ആര്‍.എസ്.എഫിന്‍റെ കസ്റ്റഡിയിലുള്ളത്. 2023 ഏപ്രിൽ മുതൽ സുഡാനീസ് സായുധ സേനയും ആര്‍.എസ്.എഫും തമ്മിൽ നടക്കുന്ന സംഘര്‍ഷം നിലവില്‍ രൂക്ഷമാണ്. 

2022 മുതല്‍ സുഡാനിലെ സുക്കാരാതി പ്ലാസ്റ്റിക് ഫാക്ടറിയില്‍ ജോലിക്കാരനാണ് ആദര്‍ശ്. വടക്കന്‍ ദാര്‍ഫൂറിന്‍റെ തലസ്ഥാനമായ എല്‍–ഫാഷറില്‍ വച്ചാണ് ഇയാളെ തട്ടികൊണ്ടുപോയത്. നിലവില്‍ ഇയാളെ  ന്യാലയിലേക്ക് കൊണ്ടുപോയതായാണ് കരുതപ്പെടുന്നത്. ശേഷം ആദര്‍ശിനെ തെക്കൻ ദാർഫൂറിന്‍റെ തലസ്ഥാനവും ആര്‍.എസ്.എഫിന്‍റെ ശക്തികേന്ദ്രവുമാണിവിടം. 

തോക്കേന്തിയ രണ്ട് ആര്‍.എസ്.എഫ് സൈനികർക്കൊപ്പം ഇരിക്കുന്ന  വിഡിയോയില്‍ ആദര്‍ശിനോട് 'നിങ്ങൾക്ക് ഷാരൂഖ് ഖാനെ അറിയുമോ?' എന്ന് ചോദിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു വിഡിയോയില്‍ ആര്‍.എസ്.എഫ് കമാന്‍ഡറായ മുഹമ്മദ് ഹംദാൻ ഡഗാലോയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ആദര്‍ശിനോട് ആവശ്യപ്പെടുന്നുണ്ട്. കൂട്ടം ആര്‍.എസ്.എഫ് സൈനികര്‍ ആദര്‍ശിനെ വളയുകയും വിഡിയോ ചിത്രീകരിക്കുന്നതും കാണാം. 

സുഡാനിലെ സ്ഥിതിഗതികൾ വഷളാകുന്നതിനെക്കുറിച്ച് ഭർത്താവ് സംസാരിച്ചിരുന്നതായും ഇത്തരം പ്രതിസന്ധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഭാര്യ സുസ്മിത പറഞ്ഞു. ഇരുവര്‍ക്കും എട്ടും മൂന്നും വയസുള്ള രണ്ട് ആൺമക്കളുണ്ട്. ആദര്‍ശിന്‍റെ മോചനത്തിനായി ഇടപെടണമെന്ന് കുടുംബം ഒഡീഷ സർക്കാരിനോടും വിദേശകാര്യ മന്ത്രാലയത്തോടും അഭ്യർത്ഥിച്ചു.

ENGLISH SUMMARY:

Sudan kidnapping involves an Indian citizen named Adarsh Behera kidnapped in Darfur by the Rapid Support Forces (RSF). The family is appealing to the Odisha government and the Ministry of External Affairs for his release amidst the ongoing conflict between the Sudanese Armed Forces and the RSF.