അവർക്ക് എല്ലാം അറിയാം; അവരെക്കുറിച്ച് നമുക്കാണ് അറിയാത്തത്..!

എല്ലാം ചോര്‍ത്തപ്പെടുന്ന നാട്ടില്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ച് അതീവ രഹസ്യമായി എപ്പിസോഡ് തയ്യാറാക്കുകയായിരുന്നു. അപ്പോ രഹസ്യങ്ങള്‍ പരസ്യമാക്കാനുള്ള സമയമായി. രാജ്യത്ത് എല്ലാം സുതാര്യമാണ്. എന്നുവച്ചാല്‍ സാധാരണ പൗരന്മാരുടെ കാര്യങ്ങള്‍ക്കൊന്നും ഒരു മറവുമില്ലെന്ന്. നമ്മള്‍ രഹസ്യമായി കരുതുന്നതും ചെയ്യുന്നതുമൊക്കെ ഭരണകൂടത്തിന് നമ്മളേക്കാള്‍ നിശ്ചയമുണ്ട്. നല്ല വഴിക്കല്ല ഇത് സാധ്യമാകുന്നത് എന്നതില്‍ തര്‍ക്കമില്ലല്ലോ. അതാണ് പറഞ്ഞത് നമ്മുടെ കാര്യങ്ങള്‍ സുതാര്യമാണ്. അവര്‍ക്ക് എല്ലാം അറിയാം. അവരെക്കുറിച്ച് നമുക്കാണ് ഒന്നുമറിയാത്തത്. പറഞ്ഞുവരുന്നത് ലേറ്റസ്റ്റ് ചോര്‍ത്തല്‍ വിവാദത്തെക്കുറഇച്ചാണ്. പെഗാസസ്.  ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഫോണിലേക്ക് ഇ മെയില്‍ വഴിയോ, എസ്എംഎസ് വഴിയോ, വാട്സാപ്പ് വഴിയോ പ്രോഗ്രാം കോഡുകള്‍ കടത്തിവിട്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിവുള്ള മാല്‍വെയറാണ് പെഗാസസ്. മിസ്ഡ്കോള്‍ വഴി പോലും മറ്റൊരു ഫോണിനെ ആക്രമിക്കാന്‍ പെഗാസസിന് സാധിക്കും. മിസ്ഡ് കോള്‍ വഴി പാര്‍ട്ടി മെമ്പര്‍ഷിപ്പ് കിട്ടുന്ന നാടാണല്ലോ ഇത്. മാത്രമല്ല ഒരു മിസ്കോള്‍ കണ്ടാല്‍ തിരിച്ചുവിളിക്കുന്ന ഉദാരസമീപനം ഉള്ളവര്‍ കൂടിയാണ് നമ്മള്‍ ഇന്ത്യക്കാര്‍. വിവരങ്ങള്‍ ചോര്‍ത്തേണ്ട ഫോണില്‍ എത്തിയാല്‍ ഉപയോക്താവിന് ഒരു സംശയത്തിനും ഇടനല്‍കാതെ  ചോര്‍ത്തല്‍ ആരംഭിക്കും. 

പൗരന്മാരെ നിരീക്ഷിക്കുന്നതില്‍ അതിപാടവം പുലര്‍ത്തുന്ന ഭരണസംവിധാനമാണല്ലോ നമുക്കുള്ളത്. കൂടെ നില്‍ക്കുന്നവരുടെ ഫോണും ചോര്‍ത്തപ്പെടുന്നുവെന്നതാണ് രസകരമായ മറ്റൊരു കാര്യം. ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ മിണ്ടാതെ നില്‍ക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്‍റഎ രീതി. വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താത്ത പ്രധാനമന്ത്രിക്ക് തന്‍റെ നേരെ ഇങ്ങനെയൊരു ചോദ്യം ഉയരും എന്നു പേടിക്കണ്ട .ഇക്കുറി പക്ഷേ പണി അല്‍പ്പം പാളി. സഭാ സമ്മേളനം നടക്കുകയാണ്. അതുകൊണ്ട് പ്രതിപക്ഷത്തിന് ഏറെ നാളുകള്‍ക്കുശേഷം ആശാനെ ഇങ്ങനെ പച്ചക്ക് മുന്നില്‍ കിട്ടിയിരിക്കുകയാണ്. വർഷകാല സമ്മേളനത്തില്‍ ആരോപണങ്ങളുടെ പെയ്ത്താണ്. കാണാം തിരുവാ എതിർവാ..