നോട്ട് മെഷീൻ ഇനി വോട്ട് മെഷീൻ; മലക്കം മറിച്ചിലുകളുടെ കഥ

എല്ലാം ഒരു മായയാണ് എന്നൊക്കെ വിശ്വാസികള്‍ പറയുന്നതാണ്. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് വിശ്വാസമല്ല പ്രധാനം. തര്‍ക്കശാസ്ത്രത്തിലൂന്നിയാണ് പാര്‍ട്ടി പരിപാടി തന്നെ ആവിഷ്കരിച്ചിരിക്കുന്നത്. യുക്തിയാണ് പ്രധാനം. പക്ഷേ ഇപ്പോ വിശ്വാസികളായ ആളുകള്‍ പാര്‍ട്ടിയുടെ നിലപാടുകളെ യുക്തിപരമായി സമീപിക്കുകയും ഒരെത്തുംപിടിയും കിട്ടാതെ തലയില്‍ കൈയ്യും വച്ചിരിക്കുന്നതാണ് സംഭവിക്കുന്നത്. സ്വാഗതം തിരുവാ എതിര്‍വായിലേക്ക്.

കേരളം ഭരിക്കുന്നത് ഇപ്പോ സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരണല്ലോ. നാലര കൊല്ലമായി. ഇതിനുമുമ്പ് ഭരിച്ചിരുന്നത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് ആയിരുന്നു. ഇതൊക്കെ ഇത്ര പറയേണ്ടതുണ്ടോ എന്നാവും. ഉണ്ട്. കാരണം സിപിഎം ഭരിക്കുമ്പോ പ്രതിപക്ഷത്തെ നോക്കി പറയുന്ന വിമര്‍ശനങ്ങളുണ്ടല്ലോ, അതായത് പ്രതിപക്ഷം എങ്ങനെയാണ്, ഏതൊക്കെ വിഷയങ്ങളിലാണ് സമരം ചെയ്യേണ്ടത് എന്നൊക്കെ ക്ലാസെടുക്കലാണോ ഇവരുടെ രീതി. അപ്പോ തോന്നും ഇവര്‍ പ്രതിപക്ഷത്തൊക്കെ നിന്ന കാലത്ത് എന്തൊരു ശാന്തവും പക്വവുമായിരുന്നു കാര്യങ്ങളെന്ന്. ഒരു കേസുണ്ടായാല്‍, മൊഴി, കുറ്റപത്രം ഇതൊന്നും കാര്യമാക്കരുതെന്നും മറിച്ച് തെളിവ് വേണം, കോടതിയില്‍ പോയി കേസ് പാസാവണം. എങ്കില്‍ മാത്രമേ സമരം പാടുള്ളു എന്നതാണല്ലോ ഈ സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതി ക്രമക്കേട് എന്നിവയുടെ കാലത്ത് നയം. അത് വെറും അടവ് നയമാണ്. അതറിയാന്‍ പറ്റിയ സമയമാണിത്. കാരണം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വന്‍ വരവേല്‍പ് നല്‍കാന്‍ ഒരുങ്ങുകയാണല്ലോ സിപിഎം. അപ്പോ ഈ കെ.എം. മാണിയോട് ബാര്‍ കോഴ കേസ് വന്നപ്പോ അന്നത്തെ പ്രതിപക്ഷമായിരുന്നു ഇന്നത്തെ ഭരണപക്ഷത്തിന്‍റെ തനത് രീതികള്‍ എന്തായിരുന്നു എന്ന് നോക്കണമല്ലോ. ഫ്ളാഷ് ബാക്ക് കഴിഞ്ഞ് മതി വര്‍ത്തമാന ചരിത്രം.