നിയമസഭ മാറിപ്പോയോ? 'കന്നട' പ്രേമവുമായി കമറുദ്ദീൻ സാഹിബ്

പാലാ ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പ് നടന്ന ആറുമണ്ഡലത്തില്‍ ജയിച്ച എംഎല്‍എമാര്‍ പുതുമോടി മാറാതെ നിയമസഭയിലെത്തി. പല സിനിമകളിലും എംഎല്‍എയും മന്ത്രിയുമൊക്കെയായി തകര്‍ത്തിട്ടുള്ള മാണി സി കാപ്പന്‍റെ സത്യ പ്രതിജ്ഞ നേരത്തേ നടന്നിരുന്നു. ബാക്കി അഞ്ചുപേര്‍ സത്യവാചകം ചൊല്ലി നിയമസഭയുടെ ഭാഗമായി. മഞ്ചേശ്വരം കാരന്‍ കമറുദീന്‍ സാഹിബ് അയല്‍ ജില്ലയായ കര്‍ണാടകയുടെ ഹാങ്ഓവര്‍ മാറാതെയാണ് വന്നത്. താന്‍ ജയിച്ചത് കര്‍ണാടക നിയമസഭയിലേക്കാണോ എന്നൊരു സംശയവും കമറുദീന് ഉണ്ടായെന്നു തോന്നുന്നു. കന്നടയിലായിരുന്നു എംഎല്‍എയുടെ സത്യപ്രതിജ്ഞ

കോന്നിയില്‍ യുഡിഎഫ് തോറ്റെങ്കിലും ഗ്രൂപ്പും തമ്മില്‍ തല്ലും തോറ്റില്ല എന്നത് കോണ്‍ഗ്രസില്‍ ചെറിയൊരു പ്രതീക്ഷ നല്‍കുന്നുണ്ട്. ഉപതിരഞ്ഞെടുപ്പു ഫലത്തിന് പിന്നാലെ അപ്രത്യക്ഷനായ അടൂര്‍ പ്രകാശ് എംപിയെ ഒടുവില്‍ കണ്ടുകിട്ടി. ഒളിച്ചോടുന്ന ഭീരവല്ല എന്നായിരുന്നു ക്യാമറക്കു മുന്നിലെത്തിയ പ്രകാശന്‍ എംപി ആദ്യം പറഞ്ഞത്. മോഹന്‍ രാജിന്‍റെ വിജയത്തിനായി തന്നാലാകും വിധം പണിയെടുത്തെന്നാണ് പ്രകാശ് പറയുന്നത്. അതുക്കും മേലെ മികച്ച് പണി പണിതെന്നാണ് ഡിസിസി നേതൃത്വം പറയുന്നത്. രണ്ടുപേരും കൈമെയ് മറന്ന് അധ്വാനിച്ചിട്ടും തറതൊടാതെ യുഡിഎഫ് സ്ഥാര്‍ഥി തോറ്റതാണ് അല്‍ഭുതം. സത്യത്തില്‍ ആ തോല്‍വിയുടെ അല്‍ഭുതമാണ് പാര്‍ട്ടി അന്വേഷിച്ച് കണ്ടെത്തണ്ടത്. കാണാം അച്ചടക്കമുള്ള രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍

കണ്ടില്ലേ മൈക്ക് ഒഴിഞ്ഞെന്നു കണ്ട ഉടന്‍ ഒരു ചെങ്ങാതി അതിനു മുന്നിലുണ്ടായിരുന്ന ആ ഗ്യാപ്പ് അങ്ങ് നികത്തി. കോണ്‍ഗ്രസില്‍ മാത്രമാണ് ഇത്തരത്തിലുള്ള ഉത്തരവാദിത്തം നേതാക്കള്‍ക്കുള്ളത്. ആരാണ് ഈ വന്ന് പ്രസംഗിക്കുന്നതെന്ന് കാണികള്‍ സംശയിച്ചു തുടങ്ങിയപ്പോളാണ് അനൗണ്‍സര്‍ക്ക് കത്തിയത്. പിന്നെ പ്രസംഗം പാതിവഴിയില്‍ നിര്‍ത്തിവപ്പിച്ചിട്ട് ഒരു സ്വാഗതം. പിന്നെ പ്രതിപക്ഷനേതാവിനെ സാക്ഷിയാക്കി കിടിലന്‍ പ്രസംഗം. തന്നെ കളിയാക്കിയതാണോ അതോ പൊക്കിപറഞ്ഞതാണോ എന്ന് ചെന്നിത്തലക്ക് ഇപ്പോളും മനസിലായിട്ടില്ല