ബിനോയ്‍യിലും ശ്യാമളയിലും 'പെട്ട്' സിപിഎം; ശ്രീകണ്ഠന്റെ പ്രതികാരം

കോടിയേരി ബാലകൃഷ്ണന്‍ ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞ് എത്തി. ക്ഷീണം മാറ്റി പ്രസരിപ്പോടെ വരാന്‍വേണ്ടിയാണ് ആയുര്‍വേദ ചികില്‍സക്കായി പോയതെങ്കിലും സ്വന്തം മക്കള്‍ നല്ല നിലയില്‍ സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് പതിവായി നിലപാടെടുക്കുന്നതിനാല്‍ ഒരു ചികില്‍സയും ഫലിക്കില്ല. മാധ്യമങ്ങള്‍ക്കുമുന്നിലെത്തിയ കോടിയേരിയെന്ന പാര്‍ട്ടിസെക്രട്ടറിയായ പിതാവ് മകനോട് പറഞ്ഞു. കടക്കൂ പുറത്ത്. കോടിയേരി അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍ പാര്‍ട്ടി സെക്രട്ടറി കസേരയില്‍ നിന്ന് കടക്കൂ പുറത്ത് എന്ന പറച്ചില്‍ കേള്‍ക്കേണ്ടിവന്നേനേ.

തുടര്‍ന്ന് ഇന്നു നടന്ന പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തില്‍ സ്വന്തം മകന്‍റെ കൈയിലിരിപ്പു വിശദീകരിക്കാനും ആ പാവം അച്ഛനുതന്നെയായിരുന്നു വിധി. പാര്‍ട്ടി അംഗങ്ങളും കുടുംബവും പാലിക്കേണ്ട അച്ചടക്കം ഉള്‍പ്പെടുത്തി പാലക്കാട്ട് പുറത്തിറക്കിയ പാര്‍ട്ടി പ്ലീനം റിപ്പോര്‍ട്ട് സ്വന്തം വീട്ടില്‍ കോടിയേരി വിതരണം ചെയ്യാത്തതാണോ അതോ ബിനോയ് കോടിയേരി അത് വായിക്കാഞ്ഞിട്ടാണോ എന്നറിയില്ല. കോടിയേരി ശരിക്കും പെട്ടു. വെറും പണിയല്ല. രാജ്യാന്തര ഇതരസംസ്ഥാന പണി.

മകന്‍റെ പിന്നാലെ താന്‍ നടക്കാറില്ലെന്ന് മാധ്യമങ്ങളോട് കോടിയേരി ആണയിട്ടു. പാര്‍ട്ടിയില്‍ കണ്ണുനട്ടിരിക്കുന്ന ആളാണ് സെക്രട്ടറി. ആ കണ്ണൊന്നു തെറ്റുമ്പോളാണ് ശശിമാരൊക്കെ ചില തല്ലുകൊള്ളിത്തരങ്ങള്‍ കാട്ടിക്കൂട്ടുന്നതും. അതുകൊണ്ടാണ് ഇമവെട്ടാതെ പാര്‍ട്ടി സൂക്തങ്ങള്‍ മുറുകെപ്പിടിച്ച് ചെങ്കൊടിയെ കാക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും വീട്ടിലേക്ക് കണ്ണെത്തില്ല.

തലതിരിഞ്ഞ മക്കള്‍ എന്നും മാതാപിതാക്കള്‍ക്ക് ഇങ്ങനെ തലവേദന ഉണ്ടാക്കുകയും ചെയ്യും. കേരളത്തില്‍ മാത്രം അവശേഷിക്കുന്ന വിപ്ലവപാര്‍ട്ടിയെ നയിക്കുന്നതിന്‍റെ ഭാരിച്ച ഉത്തരവാദിത്തത്തിനിടയില്‍ മകന്‍റെ പുറകെ വിദേശത്ത് നൂലും പിടിച്ച് നടക്കാന്‍ കോടിയേരിക്കെന്നല്ല ഒരു മാതാപിതാക്കള്‍ക്കുമാകില്ല. പിന്നെ ആകെ പറ്റുന്നത് ദാ ഇങ്ങനെയിരുന്ന് പറയാം എന്നതുമാത്രം.

ബിനോയ് ഒളിവിലാണന്നാണല്ലോ വെയ്പ്പ്. അപ്പോ മകനെ പിടികൂടാന്‍ ഇടതുസര്‍ക്കാരിന്‍റെ പൊലീസിനെ മുന്‍ ആഭ്യന്തരമന്ത്രികൂടിയായ അങ്ങ് സഹായിക്കുമോ

പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ താടിവടിച്ചു. റെഡിഷേവറൊക്കെ തുച്ചമായ വിലക്ക് കിട്ടുന്ന ഇക്കാലത്ത് ഒരു താടിവടിക്കുന്നത് വലിയ കാര്യമാണോ എന്നറിയില്ല. പക്ഷേ ഈ വടിക്കലിന് ചരിത്രാതീതമായ ചില പ്രത്യേകതകളുണ്ട്. കാരണം മുപ്പതുവര്‍ഷമായി ആ താടിയില്‍ ഒരായുധവും പതിഞ്ഞിട്ടില്ല.

അതിനു മുമ്പ് പതിഞ്ഞത് ഡോക്ടറുടെ സൂചിയും നൂലുമാണ്. അതിന് തൊട്ടു മുമ്പ് എസ്എഫ്ഐക്കാരുടെ ലോക്കല്‍ ആയുധമായിരുന്ന സോഡാക്കുപ്പിയും. വഴിയേപോയ അടി വന്നുകയറിയതിനെ തുടര്‍ന്ന് പ്രകാശ് സിറ്റിയില്‍ വികസിച്ച മഹേഷിന്‍റെ പ്രതികാരം സിനിമയെ വെല്ലുന്ന പ്രതികാരമാണ് ഇനി ഇതള്‍ വിരിയുന്നത്. ശ്രീകണ്ഠന്‍റെ പ്രതികാരം. രചന സംവിധാനം നിര്‍മാണം എല്ലാം പാലക്കാട് എംപി തന്നെ

അപ്പോ പ്രതികാരം കഴിഞ്ഞ സ്ഥിതിക്ക് ഇനി എങ്ങനാ കാര്യങ്ങള്‍. താടിക്കറിയില്ലല്ലോ പ്രതികാരം കഴിഞ്ഞ കഥ. അത് ഇനിയും വളരും. എന്താണ് എംപിയുടെ തീരുമാനം. 

താടിവച്ച അപ്പനെയേ പേടിയുള്ളൂവെന്ന് പഴയ ചില പറച്ചിലുണ്ട്. അതില്‍ കാര്യമുണ്ടോ ഇല്ലയോ എന്ന് വരും ദിവസങ്ങളില്‍ ശ്രീകണ്ഠനോട് ചോദിച്ചാല്‍ അറിയാം. 

നിയമസഭയിലും പുറത്തും ബിനോയ് കോടിയേരിക്കൊപ്പം സിപിഎമ്മിനെ വേട്ടയാടുകയാണ് ആന്തൂര്‍ നഗരസഭ.  പികെ ശ്യാമളയുടെ നേതൃത്വത്തിലുള്ള ആ സംവിധാനത്തിന് അഹങ്കാര സഭയെന്ന പേരാണ് കൂടുതല്‍ ചേരുക എന്നു തോന്നുന്നു. പത്തൊന്‍പതുതവണ നഗരസഭയിലെത്തിയ അപേക്ഷകനോട് നഗരസഭ കാട്ടിയ ഉപേക്ഷ ഇപ്പോള്‍ അവകരെ തിരിഞ്ഞു കടിക്കുകയാണ്.

പാര്‍ട്ടി കട്ടക്ക് കൂടെയുള്ളതാണ് അധ്യക്ഷയുടെ ഭാഗ്യം. പാലാരിവട്ടം പാലത്തിന് തകരാറുണ്ടായപ്പോള്‍ കുറ്റക്കാര്‍ യുഡിഎഫ് സ‍ര്‍ക്കാരാണെന്നു പറഞ്ഞ് നാക്കുവായിലിടുന്നതിനു മുമ്പാണ് ആന്തൂര്‍ എത്തിയത്. സ്വന്തം ഭരണ സമിതിക്കുകീഴില്‍ നടക്കാന്‍ പാടില്ലാത്തതുനടന്നപ്പോള്‍ സിപിഎം അടച്ച വാ വീണ്ടും തുറന്നു. എന്നിട്ടു പറഞ്ഞു. ഭരണസമിതിയല്ല ഉദ്യാഗസ്ഥരാണ് കുറ്റക്കാര്‍.  വൈരുധ്യാത്മക ഭൗതികവാദം

കമ്യൂണിസ്റ്റ് വിരോധികളാണ് ആരോപണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി നിഷ്കരുണം പ്രഖ്യാപിച്ചു. പാര്‍ട്ടിയെ നെഞ്ചോടുചേര്‍ത്ത സഖാവാണ് പാര്‍ട്ടിക്കാരുടെ വെറുപ്പിക്കല്‍ കാരണം ജീവന്‍ വെടിഞ്ഞെതെന്നു മറന്ന സിപിഎം നഗരസഭാ അധ്യക്ഷക്ക് ക്ലീന്‍ ചിറ്റ് നല്‍കി. ലാല്‍സലാം സഖാക്കളെ