ബിജെപിയുടെ നിരാഹാരപന്തലും ശിവൻകുട്ടിയുടെ നിരീക്ഷണങ്ങളും

രാഷ്ട്രപതി സന്ദര്‍ശനം എന്നൊക്കെ കേരളം കേള്‍ക്കുന്നത് തന്നെ വല്ലപ്പോഴുമാണ്. രാഷ്ട്രപതി വന്നാലാകട്ടെ മാധ്യമങ്ങളൊക്കെ ആഘോഷിക്കാറുമുണ്ട്. പക്ഷെ, രാഷ്ട്രപതി ഭരണം എങ്ങനെയാണെന്ന് അറിയാന്‍ മലയാളികള്‍ക്ക് അവസരമൊരുക്കാനുള്ള കഠിനശ്രമത്തിലാണ് ബിജെപി. പുതിയ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നതില്‍ സിപിഎം പോലും ബിജെപിക്ക് പിന്നിലേ വരൂ. അതുകൊണ്ടാവാം പിണറായി വിജയന് ഇതത്ര രസിച്ചിട്ടില്ല. വിരട്ടല് വേണ്ടാ എന്നാണ് മുഖ്യമന്ത്രിയുടെ വിരട്ടല്‍. അല്ലെങ്കിലും എന്ത് പുതിയ കാര്യങ്ങള്‍ വരുമ്പോഴും ആദ്യം എതിര്‍ത്താണല്ലോ സിപിഎമ്മിന് ശീലം. ഇങ്ങനെ അരസികനായി മാറരുത് സഖാവേ.

പിണറായിക്ക് നല്ല ധൈര്യമാണ്. പക്ഷെ എല്ലാവരും അങ്ങനെയാണെന്ന് കരുതരുത്. കേന്ദ്രത്തെ കണ്ടല്ല കേരളത്തിലെ പൊലീസിനെകണ്ടുപോലും മുട്ടുവിറയ്ക്കുന്നവര്‍ ഭരണപക്ഷത്തുതന്നെയുണ്ട്. ദാ നമ്മുടെ ശിവന്‍കുട്ടിയണ്ണന്‍ പറയുന്നത് കേട്ടോ.

അതെ, മുഖ്യമന്ത്രി തന്നെയാണ് മറുപടി പറയേണ്ടത്. പക്ഷെ, മലബാര്‍ മേഖലയില്‍ മറുപടിയുടെ ചുമതല ഇ.പി. ജയരാജനാണ്. അക്രമത്തിലൊന്നും താല്‍പര്യം പണ്ടേ ഇല്ലാത്ത സിപിഎം രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ അക്കമിട്ട് പറയുകയാണ് ഇപി. ബിജെപി ഇതുകേട്ട് മുഖംതാഴ്ത്തിനില്‍ക്കുകയാണ്.

സാമുദായികസംഘടനകളില്‍ ചിലത് മതിലിന് അപ്പുറത്ത് നില്‍ക്കുന്നത് ബിെജപിക്കും സിപിഎമ്മിനും ഒരു പോലെ വിഷമം സൃഷ്ടിക്കുന്നുണ്ട്. ബിജെപിയുടെ ചാക്കില്‍ എന്‍എസ്എസ് വീണുപോകുന്ന സങ്കടത്തിലാണ് സിപിഎം. അതേസമയം ബിജെപിയാകട്ടെ സ്വന്തം ചാക്കില്‍ എസ്എന്‍ഡിപിയെ മുഴുവനായും പിടിക്കാനുള്ള ശ്രമത്തിലാണ്. രണ്ടുപേര്‍ക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്.

എല്ലാകാലത്തും എല്ലാം വിശദമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഇപി ജയരാജനാണ്. പാവം സ്ത്രീകള്‍ ഒന്നും ദൈവത്തെ കാണാന്‍ പോയതിന് ബിജെപി ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിക്കളഞ്ഞു സഖാവ്. സ്ത്രീകളെ എതിര്‍ക്കുന്നവരെ ദൈവം ശിക്ഷിക്കും എന്ന ഉറച്ച നിലപാടും സ്വീകരിച്ചു. അതിനായി ഒന്നോ രണ്ടോ പുഷ്പാഞ്ജലിക്ക് ചീട്ട് മുറിച്ചാലും വെറുതെയാവില്ല.

തലസ്ഥാനത്തുമുണ്ട് കൂട്ടുകാര്‍ക്ക് വേണ്ടി ഇമ്മാതിരി പെടാപ്പാട് പെടുന്ന ഒരാള്‍. മറ്റാരുമല്ല, ശിവന്‍കുട്ടി സഖാവ്. ബിജെപിയെ തകര്‍ക്കാനുള്ള നിരീക്ഷണത്തിലാണ് അദ്ദേഹം. ബിജെപിയുടെ നിരാഹാരപന്തലാണ് നിരീക്ഷണകേന്ദ്രം. അവിടെനടക്കുന്ന കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലുമില്ലാതെ പൊടിതട്ടിയെടുത്ത് തള്ളുകയാണ് ജോലി. 

 ആ ആയിരംരൂപ അവര്‍ എന്തുചെയ്യുന്നു എന്നൊരു ചോദ്യമുണ്ടല്ലോ. ഗവേഷണത്തില്‍ അതിനും ഉത്തരംകണ്ടെത്തിയിട്ടുണ്ട് സഖാവ്. ഇത്തരം കണ്ടുപിടിത്തങ്ങളില്‍ അഭിരമിക്കുന്നതിനിടെ ചില മോശം അനുഭവങ്ങളും ശിവന്‍കുട്ടിക്ക് നേരിടേണ്ടിവന്നു. അതും ആ ശോഭാ സുരേന്ദ്രനില്‍നിന്ന്. സല്‍ഗുണസമ്പന്നനും വീട് വിട്ടാല്‍ ടൈപ്പ് റൈറ്റിങ് സെന്റര്‍, ടൈപ്പ് റൈറ്റിങ് കഴിഞ്ഞാല്‍ വീട് എന്ന നിലയില്‍ അച്ചടക്കത്തോടെ കഴിയുന്നയാളുമായ ശിവന്‍കുട്ടി ആ കദനകഥ പങ്കുവയ്ക്കുകയാണ്.

ശോഭേച്ചിയോടും ശിവന്‍കുട്ടി അണ്ണനോടും നാട്ടുകാര്‍ക്കും അതുതന്നെയാണ് പറയാനുള്ളത്. ഇമ്മാതിരി വര്‍ത്താനം നിര്‍ത്തുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഹുങ്കാണെന്ന് കരുതും. പിണറായിക്ക് ഹുങ്കാണെന്ന് ശിവന്‍കുട്ടി കരുതുന്നതുപോലെ.