ചിന്തയുടെ ചില ബഹിരാകാശ ചിന്തകൾ; ‘ഇനിയും ചിന്തേരിടാത്ത ചിന്തകൾ’

വിപ്ലവയൗവനങ്ങളുെട ചിന്തകളെ വേറിട്ട വഴിയില്‍ നടത്തിക്കുന്ന ആളാണ് യുവജനകമ്മിഷന്‍ അധ്യക്ഷയൊക്കെയായ ചിന്ത ജെറോം. പേരില്‍ ചിന്തയുള്ളതുകൊണ്ട് എല്ലാത്തിനേയും വളരെ ചിന്താപരമായി സമീപിച്ചാണ് ചിന്തക്ക് ശീലം. ഈ ശീലം കാരണമാണോ ഇങ്ങനെയൊരു പേരിട്ടത്, അതോ ഇങ്ങനെയൊരു പേരുള്ളതുകൊണ്ട് ഇങ്ങനെയൊരു ശീലം ഉണ്ടാക്കിയെടുത്തതാണോന്ന് ചോദിച്ചാല്‍ രണ്ടാമത്തേതാവാണ് സാധ്യത. അത്തരത്തിലാണ് ചിന്തയുടെ ചിന്താപദ്ധതികള്‍. ജിമിക്കി കമ്മിലിനു ശേഷം ഇതാ വനിതാ മതില്‍ ചിന്തയുടെ ചിന്തയ്ക്ക് വിധേയമായിരിക്കുന്നു.

നവോത്ഥാനം സടകുടഞ്ഞെഴുന്നേല്‍ക്കുന്ന അത്യപൂര്‍വ പുതുവര്‍ഷദിനത്തിലേക്കാണ് കേരളം പിറന്നുവീഴാന്‍ പോകുന്നത്. ഇനി നവോത്ഥാനം വന്നില്ലെങ്കിലും വനതി മതിലൊന്ന് ഗിന്നസ് ബുക്കില്‍ റെക്കോര്‍ഡായി എഴുത്തിച്ചേര്‍ക്കപ്പെട്ടാലും മതി. തല്‍ക്കാലത്തെ നവോത്ഥാനം ആ ഗിന്നസ് ബുക്ക് വഴി കിട്ടിയാലും അതൊരു വന്‍ കിട്ടലാവുമെന്നാണ് സംഘാടകരുടെ മനസിലിരിപ്പ്. കോടിയേരി ബാലകൃഷ്ണനും കൂട്ടരും എപ്പോ എങ്ങനെ വനിതകളെ മതിലിനായി സംഘടിപ്പിക്കണമെന്ന് കിടിലന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ജ്യോതി കഴിഞ്ഞ സ്ഥിതിക്ക് ഒരു വെറൈറ്റിക്ക് മതിലിന് അണിചേരാന്‍ പോകുന്നതില്‍ ഒരു തെറ്റുമില്ല. ഏവര്‍ക്കും സ്വാഗതം.