മമ്മിയും അമ്മയും ഉമ്മയും തന്നുവിടുന്ന പൊതിച്ചോറ്; ട്രോളിന് ഇരയായി വീണ്ടും ചിന്ത

ജിമ്മിക്കി കമ്മലിന് ശേഷം ഇപ്പോൾ ട്രോളൻമാർക്ക് അന്തം വിട്ട ചിന്ത സമ്മാനിക്കുകയാണ് യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം. ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോൾ ചിന്ത പറഞ്ഞ വാക്കുകളിൽ പിടിച്ചാണ് ഇപ്പോൾ ട്രോൾ മേളം. അമ്മയും മമ്മിയും ഉമ്മയും കൊടുത്തുവിടുന്ന പൊതിച്ചോറാണ് ട്രോളുകളിൽ ചിരിയുടെ സ്വാദ് നിറയ്ക്കുന്നത്. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ സംഘർഷത്തെ കുറിച്ചുള്ള ചർച്ചയിലാണ് ചിന്ത കോളജിൽ പൊതിച്ചോർ വഹിക്കുന്ന പ്രാധാന്യത്തെ കുറിച്ച് വാചാലയായത്. എസ്എഫ്ഐക്കാർ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ക്ലാസ് മുറികളിൽ സ്ഥിരം പറയാറുള്ള വാചകമാണ് ചിന്ത അക്രമ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ചയിൽ വാദമായി പറഞ്ഞത്. ഇതോടെ ട്രോളുകളിൽ വീണ്ടും ചിന്ത നിറയുകയാണ്.

ചിന്തയുടെ വാക്കുകളിങ്ങനെ: ‘സഹോദരൻ അയ്യപ്പൻ പറഞ്ഞ മിശ്രഭോജനത്തിന്റെ വലിയ സന്ദേശമുണ്ട്. അത് ഇന്ന് കൃത്യമായി നടക്കുന്ന ഇടം എന്ന് പറയുന്നത് ക്യാംപസുകളാണ്. ക്യാംപസിന്റെ ഒരു രാഷ്ട്രീയം എന്നു പറയുന്നത് പൊതിച്ചോറിന്റെ രാഷ്ട്രീയമാണ്. വീട്ടിൽ നിന്നും മമ്മിയും അമ്മയും ഉമ്മയും പൊതിഞ്ഞുവിടുന്ന പൊതിച്ചോറുകൾ ഒരുമിച്ചിരുന്ന് കഴിക്കുന്ന ഇടമാണ് കലാലയങ്ങൾ...’ ഇങ്ങനെ പോകുന്നു ‘ഒറ്റപ്പെട്ട’ സംഭവത്തെ കുറിച്ചുള്ള ചിന്ത ജെറോമിന്റെ വാക്കുകൾ.