‘പാടില്ലാത്തത്’; അഖിലിനൊപ്പമുണ്ടെന്ന് ചിന്താ ജെറോം; ആശുപത്രിയിലെത്തി സന്ദർശിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ നേതാക്കൾ കൊല്ലാൻ ശ്രമിച്ച അഖിലിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് യുവജനകമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം. ആശുപത്രിയിലുണ്ടായിരുന്ന അഖിലിന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിന് പിന്നാലെ അഖിലിനെ സന്ദർശിക്കുകയും യുവജന കമ്മിഷൻ ഒപ്പമുണ്ടെന്ന് അറിയിച്ചതായും ചിന്ത ജെറാം പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. പരുക്കേറ്റ വിദ്യാർഥിക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കും. അന്വേഷണത്തിൽ കുടുംബം തൃപ്തി അറിയിച്ചതായും ചിന്ത പറഞ്ഞു. യൂത്ത് കമ്മിഷൻ െസക്രട്ടറി പി.കെ ജയശ്രീ, കമ്മിഷൻ അംഗം ദീപു രാധാകൃഷ്ണൻ എന്നിവരും ചിന്തയ്ക്കൊപ്പം ഉണ്ടായിരുന്നു. 

അതേസമയം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയത് ഒന്നാം പ്രതി ശിവരഞ്ജിത്ത് എന്നതിന് കൈയിലെ മുറിവും തെളിവായി. ശിവരഞ്ജിത്തിന്റെ കയ്യില്‍ കത്തി കൊണ്ട് മുറിഞ്ഞ പാട് കണ്ടെത്തി. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും കയ്യില്‍ രക്തം കണ്ടെന്ന് മറ്റു പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും, രണ്ടാം പ്രതി എ.എന്‍. നസീമും പൊലീസ് പിടിയിലായത്.  അതേസമയം  ശിവരഞ്ജിത്തിന്റെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റും വ്യാജമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. 

ഇടിമുറി ഇനി ക്ളാസ് മുറി; വീണ്ടും ഉത്തരക്കടലാസുകളും സീലും

യൂണിവേഴ്സിറ്റി കോളജില്‍ ഇടിമുറിയെന്ന് അറിയപ്പെടുന്ന യൂണിയന്‍ ഓഫീസ് ഇനി ക്ളാസ് മുറിയാകും. ഓഫീസ് ഒഴിപ്പിക്കുന്നതിനിടെ ഉത്തരക്കടലാസുകളും സീലും കണ്ടെടുത്തു. ക്യാംപസില്‍ കയാറാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ അധ്യാപകരും പൊലീസ് ചേര്‍ന്ന് തടഞ്ഞത് സംഘര്‍ഷത്തിനും കാരണമായി. 

നാല് ദിവസം മുന്‍പ് സമീപകാലത്ത് ആദ്യമായി യൂണിയന്‍ ഓഫീസില്‍ മാധ്യമങ്ങള്‍ കയറിയപ്പോള്‍ കണ്ടത് ആയുധങ്ങളും മദ്യകുപ്പികളും. കുത്തേറ്റ് വീണ അഖിലിനെയും സുഹൃത്തുക്കളെയും എസ്.എഫ്.ഐക്കാര്‍ ആദ്യം മര്‍ദിച്ചതും ഈ മുറിയിലിട്ടാണ്. വിദ്യാര്‍ഥി യൂണിയന്‍ ഓഫീസെന്നാണ് പേരെങ്കിലും എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫീസായാണ് ഈ ഇടിമുറി പ്രവര്‍ത്തിച്ചിരുന്നതെന്ന് വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ മുറിയുടെ രൂപം മാറി. ക്യാംപസിനുള്ളില്‍ ഇത്തരമൊരു മുറിവേണ്ടെന്ന തീരുമാനത്താല്‍ കഴുകി വൃത്തിയാക്കി ക്ളാസ് മുറിയാക്കും. 

അതേസമയം വൃത്തിയാക്കുന്നതിനിടെ എസ്.എഫ്.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതിന് സമാനമായ രീതിയില്‍ ഉത്തരക്കടലാസുകളും അധ്യാപകന്റെ സീലും ഈ മുറിയില്‍ നിന്നും ലഭിച്ചു. വിദ്യാര്‍ഥികളുടെ പരാതികള്‍ വ്യാപകമായതിനാല്‍ ക്യാംപസില്‍ കയറി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയപ്പോഴാണ് ആദ്യം അധ്യാപകും പിന്നാലെ പൊലീസുമെത്തി കെ.എസ്.യു നേതാക്കളെ തടഞ്ഞത്. വിദ്യാര്‍ഥികളല്ലാത്തെ ആരെയും കടത്തിവിടില്ലെന്ന നിലപാടെടുത്തതോടെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റി.