ചാക്കിലാക്കാൻ പമ്മി പമ്മി

ഇടതുമുഖ്യമന്ത്രി ആള് ഇങ്ങനെയൊക്കെയാണെങ്കിലും പാര്‍ട്ടി ഭരണപാര്‍ട്ടിയാണെങ്കിലും പണിയെടുക്കാതെ പാര്‍ട്ടിക്കാരനായി തുടരാനാണ് സഖാക്കള്‍ക്ക് പൂതിയെങ്കില്‍ വച്ചുപൊറുപ്പിക്കെല്ലെന്നാണ് സെക്രട്ടറി കോടിയേരി സഖാവിന്‍റെ മുന്നറിയിപ്പ്. അലക്കി തേച്ച് ഇസ്തിരിയിട്ട ഷര്‍ട്ടും മുണ്ടുമുടുത്ത് ആളായി നടന്നാലൊന്നും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നാണ് പ്രഖ്യാപനം. പണിയെടുക്കൂ, കൂലിവാങ്ങൂ എന്ന സാര്‍വദേശീയ മുദ്രാവാക്യം തന്നെയാണ് പാര്‍ട്ടി തലത്തിലും നടപ്പാക്കുന്നത്. 

ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. പാര്‍ട്ടി മെംബര്‍മാര്‍ക്ക് പുതിയ ക്വട്ടേഷനും നല്‍കിയിട്ടുണ്ട്. പെരുമാറ്റം കൊണ്ടും ഇടപെടല്‍ കൊണ്ടും എല്‍ഡിഎഫിനു പുറത്തുള്ള കക്ഷികളെ ഇക്കരയെത്തിക്കണം. എന്നുവച്ചാല്‍ വളച്ചെടുത്ത് തറവാട്ടിലെത്തിക്കണമെന്ന്. ഈ വിഷയത്തില്‍ സഖാക്കള്‍ക്ക് പുതിയ പെരുമാറ്റച്ചട്ടമൊക്കെ തയ്യാറാക്കിയിട്ടുണ്ട്. നന്നായി പൗഡറൊക്കെ ഇട്ട്, സ്പ്രേ ഒക്കെ പൂശിയിട്ടായിരിക്കും ഇനിമുതല്‍ ഇവരുടെ നടപ്പ്. പെരുമാറ്റത്തിന്‍റേയും  സംസാരത്തിന്‍റേയും കാര്യമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. അത്യന്തം ആകര്‍ഷകമായിരിക്കും.