ഡോ.അരുണിന്റെ കലോൽസവ ഓർമകൾ

20 വര്‍ഷം മുന്‍പ് ഹയര്‍സെക്കന്‍ഡറി കലോല്‍സവം ആദ്യമായി തുടങ്ങിയ വര്‍ഷം കലാപ്രതിഭയായ കുട്ടി ഇന്ന് ആയിരങ്ങളെ ചികിത്സിക്കുന്ന പ്രമേഹരോഗ വിദഗ്ധനാണ്. മെഡിക്കല്‍ രംഗത്തെ തിരക്കുകള്‍ക്കിടയിലും പാട്ടിന്റെ വഴിയെ നടക്കുന്ന ഡോ.അരുണ്‍ശങ്കറിനെ പരിചയപ്പെടാം. 

1998 ലെ ഹയര്‍സെക്കഡറി കലോല്‍സവം , പ്രീഡിഗ്രിവേര്‍പെടുത്തിയ ശേഷമുള്ള ആദ്യകലോല്‍സവ വേദിയിലേക്ക് പാട്ടിന്റെ മധുരവുമായെത്തിയ മിടുക്കന്‍ കലാപ്രതിഭാ പുരസ്ക്കാരം നേടി. തിരുവനന്തപുരം എസ്.എം.വി സ്കൂളിലെ ആ മിടുക്കനായ വിദ്യാര്‍ഥി ഇന്ന് പ്രശസ്തനായ ഡോക്ടറാണ്, പ്രമേഹരോഗ വിദഗ്ധനായ ഡോ.അരുണ്‍ശങ്കര്‍. ഒാരോകലോല്‍സവം എത്തുമ്പോഴും മനസ്സുകൊണ്ട് കലോല്‍സവ വേദിയിലേക്കെത്തും അരുണ്‍. 

കലോല്‍സവത്തില്‍ സമ്മാനം ലഭിച്ച പാട്ടെഴുതിയത് അരുണിന്റെ അച്ഛന്റെ സുഹൃത്തുകൂടിയായ ഭരണിക്കാവ് ശിവകുമാര്‍, സംഗീതം നല്‍കിയത് ഗുരുവായ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്. മെഡിക്കല്‍പഠനം പിന്നീട് ജോലിത്തിരക്കുകള്‍ക്കിടയിലും അരുണ്‍ സംഗീത്തെയും ഒപ്പം കൂട്ടി. സംഗീത ആല്‍ബം പുറത്തിറക്കുക, വേദികളില്‍സജീവമാകുക, എന്നും പാട്ടിനൊപ്പം നടക്കുക എന്നീ മോഹങ്ങളാണ് ഡോ.അരുണ്‍ശങ്കര്‍ മനസിൽ സൂക്ഷിക്കുന്നത്.