സ്‌കൂള്‍ ഗെയിംസില്‍ വിദ്യാര്‍ഥികള്‍ക്കുള്ള അറിയിപ്പ് വൈകി; അവസരം നഷ്ടമാക്കിയതായി പരാതി

ആറ്റിങ്ങല്‍ ഉപജില്ലയില്‍ സ്‌കൂള്‍ ഗെയിംസില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിനുള്ള അറിയിപ്പ് യഥാസമയം നല്‍കാതെ വിദ്യാര്‍ഥികളുടെ അവസരം നഷ്ടമാക്കിയതായി പരാതി. ഗെയിംസ് ഇനങ്ങളില്‍ പങ്കെടുപ്പിക്കേണ്ട വിദ്യാര്‍ഥികളുടെ പേരുവിവരം ഓണ്‍ലൈനായി എന്‍ട്രി ചെയ്യേണ്ട ദിനമോ അവസാനിക്കുന്ന തീയതിയോ മുന്‍കൂട്ടി സ്‌കൂള്‍ അധികൃതരെ അറിയിക്കാതെ ഓണ്‍ലൈന്‍ സംവിധാനം ക്ലോസ്സ് ചെയ്തുവെന്നാണ് ആരോപണം 

സാധാരണയായി ഓണാവധിക്കുശേഷം രണ്ടാം പാദത്തിലാണ് സ്‌കൂള്‍ കായിക മേളകള്‍ ആരംഭിക്കുന്നത്. സംസ്ഥാന ഗെയിംസ് മത്സര ക്രമമനുസരിച്ച് റവന്യൂജില്ല, ഉപജില്ലാ മത്സരങ്ങള്‍ ക്രമീകരിക്കുകയാണ് ചെയ്യാറുള്ളത്.  ഉപജില്ലാ, റവന്യൂതല മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള മൂന്നോനാലോ ദിവസങ്ങള്‍ മാത്രമാണ് .മത്സരങ്ങള്‍ ആരംഭിക്കുന്ന തീയതിയ്ക്ക് രണ്ടോ മൂന്നോ ദിവസം മുമ്പ് സ്‌കൂള്‍ എന്‍ട്രികളും അവസാനിപ്പിക്കുന്നത് കണക്കാക്കി മുന്‍കൂട്ടി സ്‌കൂളുകള്‍ക്ക് രേഖാമൂലം അറിയിപ്പും നല്‍കും. ഈ പതിവ് തെറ്റിച്ചാണ് ഇപ്പോള്‍ എന്‍ട്രികള്‍ ക്ലോസ്സ് ചെയ്തതെന്നാണ് പരാതി. ആറ്റിങ്ങല്‍ ഉപജില്ലാതലത്തില്‍ നടന്ന ഈ പിഴവ് ഗെയിംസ് നടത്തേണ്ട ചുമതലയുള്ള എ.ഇ.ഒ. യും അറിഞ്ഞിട്ടില്ല. 

നവംബര്‍ നാലുമുതല്‍ 17-വരെ കണ്ണൂരിലാണ് മത്സരങ്ങള്‍. നവംബര്‍ ആറ് മുതലാണ് റവന്യൂ മത്സരങ്ങള്‍. ഉപജില്ലാ മത്സരങ്ങള്‍ നവംബര്‍ ആദ്യവാരത്തില്‍ നടത്തിയാല്‍ മതിയെന്നിരിക്കെയാണ് എന്‍ട്രികള്‍ 28-ന് അവസാനിപ്പിച്ചത്. ഇത് ഭീഷണിയാണെന്നും സ്‌കൂളുകള്‍ ആരോപിക്കുന്നു. പല സ്‌കൂളുകള്‍ക്കും ഇക്കാരണംകൊണ്ട് പേരുകള്‍ എന്‍ട്രി ചെയ്യാന്‍ സാധിച്ചിട്ടില്ല 

 ഉപജില്ലയിലെ സ്‌കൂളുകളെ പ്രതിനിധീകരിച്ച് കായികാധ്യാപകരും മറ്റ് പ്രതിനിധികളുമായുള്ള കൂടിയാലോചനയ്ക്കുശേഷമാണ് മത്സര തീയതികള്‍ നിശ്ചയിക്കാര്‍. ഇതു പാലിക്കപ്പെടാതെ പോയതോടെ നിരവധി വിദ്യാര്‍ഥികള്‍ക്കാണ് അവസരം നഷ്ടമാകുന്നത്