പാലക്കാടന്‍ ചരിത്രം; നിയമസഭയില്‍ നിന്ന് ‘ലൈവാ’യി അനുമോദിച്ച് ‘സ്വന്തം’ എംഎല്‍എമാര്‍

ഇപ്പോൾ വീശുന്ന പാലക്കാടൻ കാറ്റിന് സ്വർണകപ്പിന്റെ മണമാണെന്നാണ് സോഷ്യൽ വാളുകളിൽ നിറയുന്ന വാചകങ്ങൾ. ഇത്തവണത്തെ സംസ്ഥാനസ്കൂൾ കലോൽസവം എല്ലാം കൊണ്ടും ചരിത്രത്തിന്റെ ഭാഗമാണ്.  അതിജീവനത്തിന്റെ കലോൽസവം, ചെലവും ദിനങ്ങളും ചുരുക്കി നടത്തിയ കലോൽസവും. ഒടുവിലിത് 12 വർഷത്തിന് ശേഷം കപ്പ് പാലക്കാടിന്. ഒട്ടേറെ തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്ന പാലക്കാടിന് ഇത് ഇരട്ടി മധുരുമാണ്. ആ മധുരത്തിന്റെ രുചി നിയമസഭാ സമ്മേളനത്തിനിടയ്ക്ക് ഫെയ്സ്ബുക്ക് ലൈവിലെത്തി പങ്കുവയ്ക്കുകയാണ് എംഎൽഎമാരായെ ഷാഫി പറമ്പലും വി.ടി.ബൽറാമും. 

വീട്ടിലെ മോശം സാഹചര്യങ്ങളിൽ നിന്നും കലയ്ക്ക് വേണ്ടി സമയവും പണവും മാറ്റിവയ്ക്കുന്ന കുട്ടികളുടെ കഷ്ടപാടിന്റെയും സ്വപ്നത്തിന്റെയും വിജയമാണ് ഇൗ കിരീടമെന്ന് ഇരുവരും പറഞ്ഞു. കപ്പിനും ചുണ്ടിനുമിടയിൽ പലകുറി നഷ്ടപ്പെട്ട കിരീടം ഇത്തവണ പാലക്കാടിന്റെ മണ്ണിലെത്തിച്ചവർക്ക് ആശംസകളും ഒപ്പം കലോൽസവത്തിൽ പങ്കെടുത്ത എല്ലാ മൽസരാർഥികൾക്കും അനുമോദനങ്ങളും ഇരുവരും നേർന്നു.

കലോൽസവ ചരിത്രത്തിൽ പന്ത്രണ്ടു വർഷം നീണ്ട കോഴിക്കോടിന്റെ കുത്തക അവസാനിപ്പിച്ചാണ് പാലക്കാടിന്റെ വിജയം. ഇന്നു പുലർച്ചെ രണ്ടു മണിയോടെയവസാനിച്ച കലോൽസവത്തിൽ 930 പോയിന്റ് നേടിയാണ് പാലക്കാട് ഒന്നാമതെത്തിയത്. മൂന്നു പോയിന്റ് വ്യത്യാസത്തിനാണ് കോഴിക്കോടിന് ഒന്നാം സ്ഥാനം നഷ്ടമായത്. 

903 പോയിന്റ് നേടിയ തൃശൂർ മൂന്നാം സ്ഥാനം സ്വന്തമാക്കി.കണ്ണൂരും, മലപ്പുറവും നാലും അഞ്ചും സ്ഥാനങ്ങൾ നേടിയപ്പോൾ ആതിഥേയ ജില്ലയായ ആലപ്പുഴ എറണാകുളത്തിനും പിന്നിൽ ഏഴാമതായി. ആഡംബരങ്ങളൊഴിവാക്കി നടത്തിയ കലോൽസവമായതിനാൽ സമാപന സമ്മേളനമോ വിപുലമായ സമ്മാനദാന ചടങ്ങോ ആലപ്പുഴ കലോൽസവത്തിൽ ഉണ്ടായിരുന്നില്ല.