മാസങ്ങള്‍ക്ക് മുന്നേയുള്ള മുഖ്യമന്ത്രിയെയാണ് നമ്മളീ കേട്ടത്. സര്‍ക്കാരിനെതിരായ മാധ്യമവാര്ത്താ കാര്‍ഡുകള്‍ നവമാധ്യമങ്ങള്നിന്ന് നീക്കം ചെയ്യുന്നതിന് പിന്നില്‍ കേരളാപൊലീസിന്റെ ഇടപെടലാണ് എന്നുള്ള ആക്ഷേപം തള്ളിക്കൊണ്ട് അന്ന് ഒട്ടേറെ കാര്യങ്ങള്‍ വി.ഡി.സതീശന് വിശദീകരിച്ചു. ‘എനിക്കതിരായ പോസ്റ്റുകള്‍ നീക്കാന്‍ ഞാനാവശ്യപ്പെടുമോ? ഞാന്‍ പറഞ്ഞാല്‍ മെറ്റ കേള്‍ക്കുമോ ? ’.. അങ്ങനെ, അങ്ങനെ...മുഖ്യമന്ത്രി പറഞ്ഞുപോയി. എന്നാല്‍ ഇന്ന്, ഇതേ സര്‍ക്കാര്‍, ഇക്കാര്യത്തില്‍ നിയമസഭയില്‍ വച്ച രേഖയും രേഖയിലെ കണക്കും ചില്ലറ ചോദ്യങ്ങളൊന്നുമല്ല ഉയര്‍ത്തുന്നത്. നാളെയെ ആറ് മാസം തികയൂ സര്‍ക്കാര്‍ വന്നിട്ട്. അതിന് മുന്‍പേ.. 15,627 പോസ്റ്റുകളോ ലിങ്കുകളോ സമൂഹമാധ്യമത്തില്‍ നിന്ന് നീക്കം ചെയ്തു. പോസ്റ്റുകള്‍ നീക്കാൻ പൊലീസ് നടപടിയെടുത്തു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്റുകളും കൂട്ടത്തിലുണ്ട്. മോര്‍ഫ് ചെയ്തവയ്ക്കെതിരായാണ് നടപടിയെന്നും ആഭ്യന്തരമന്ത്രി ചെന്നിത്തല നിയമസഭ ചോദ്യത്തിന് മറുപടിയായി വിശദീകരിക്കുന്നു. സര്‍ക്കാരിന്റെ ഇച്ഛയ്ക്ക് ഒക്കാത്ത ഉള്ളടക്കങ്ങളെ, അതിപ്പൊ മാധ്യമങ്ങളുടേതായാലും വെട്ടുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്ന നേരത്ത്.. ഈ നിയമസഭ രേഖ നമ്മെ ബോധ്യപ്പെടുത്തുന്നതെന്താണ് ? പോസ്റ്റ് നീക്കലില്‍ മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞോ? ഇവിടെയുമുണ്ടോ വിമര്ശനപ്പേടി ?