d-satheesan-priyadarshini

വി.ഡി.സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് നാളെ ആറുമാസം പൂര്‍ത്തിയാകും. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കി കയ്യടി വാങ്ങിയാണ് സര്‍ക്കാര്‍ യാത്ര തുടങ്ങിയത്. ആറുമാസത്തെ ഹണിമൂന്‍ കാലം അവസാനിക്കുമ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലുമുള്ള അഭിപ്രായഭിന്നതകള്‍ പുറത്തുവന്നുതുടങ്ങി. വൈദ്യുതി നിയന്ത്രണം തിരിച്ചടിയായി. എല്‍പിഎസ്.ടി സമരം കൈകാര്യം ചെയ്തതിലും വീഴ്ചയുണ്ടായി. 

102 സീറ്റിന്റെ മഹാഭൂരിപക്ഷത്തിന് പ്രധാന കാരണമായ ഇന്ദിരാഗ്യാരന്റികളില്‍ പൊന്‍തിളക്കമുള്ള പ്രിയദര്‍ശിനി പദ്ധതി ഒരുമാസത്തിനുള്ളില്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ വിജയയാത്ര തുടങ്ങിയത്. ധവളപത്രം പുറത്തിറക്കി പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കിയ ശേഷം മിഷന്‍ സമുദ്രയിലൂന്നി പുതുയുഗ കേരളത്തിന് തറക്കല്ലിട്ട് കന്നി ബജറ്റ് അവതരിപ്പിച്ചു. ആഭ്യന്തരവകുപ്പിന്റെ ലഹരിക്കെതിരായ പോരാട്ടം തൂഫാന്‍ ജനശ്രദ്ധപിടിച്ചുപറ്റി.

വൈദ്യുതി നിയന്ത്രണമെന്ന് സര്‍ക്കാര്‍ ഓമനപ്പേരിട്ട വിളിച്ച കറണ്ട് കട്ട് തുടര്‍ക്കഥയായപ്പോള്‍, ഇരുട്ടത്തിരുന്ന ജനം തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ചെറിയ ഷോക്ക് ട്രീറ്റ്മെന്റ് നല്‍കി. മുന്‍ സര്‍ക്കാരിന്റെ ധാരണാപത്രത്തെ പടചട്ടയാക്കി പി.എം.ശ്രീയിലെ യുടേണിനെ രാഷ്ട്രീയമായി നേരിട്ടു. മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെയുള്ളവരുടെ സ്പോണ്‍സര്‍ഷിപ്പ് യാത്രകളും വിവാദമായി. ജി.എന്‍.എ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മിലുള്ള തുറന്നപ്പോരില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കൂടി കക്ഷിചേര്‍ന്നതോടെ ഭിന്നതയുടെ ആഴം ജനം അറിഞ്ഞു. 

ആശാ അങ്കണവാടി ഓണറേറിയം വര്‍ധിപ്പിച്ചും ഓണക്കാലത്ത് ബോണസും ഉത്സവബത്തയും നല്‍കിയും സപ്ളൈക്കോയില്‍ അവശ്യസാധനങ്ങള്‍ ഉറപ്പാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തിയും മുതിര്‍ന്നപൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന വയോജന ബില്‍ പാസാക്കിയും നൂറുദിനകര്‍മ്മ പരിപാടി വിജയിപ്പിച്ചും കയ്യടി വാങ്ങി. അപ്പോഴും എല്‍.പി.എസ്.ടി ഉദ്യോഗാര്‍ഥികളുടെ നിരാഹാരസമരവും അതിനെ നേരിട്ട രീതിയിലും വീഴ്ചപറ്റി. 

ആറുമാസം പിന്നിട്ടിട്ടും അവസാനിക്കാത്ത ബോര്‍ഡ് കോര്‍പറേഷന്‍ വീതംവയ്പ് പാര്‍ട്ടിയിലും മുന്നണിക്കുള്ളിലും മുറുമുറുപ്പിന് തുടക്കമിട്ടിട്ടുണ്ട്. ജനം നല്‍കിയ മധുവിധു കാലാവധിക്ക് മുന്‍പെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ ബലഹീന പരീക്ഷണങ്ങള്‍ കാര്യമായ ഏശീയിട്ടില്ല. എന്നാല്‍, ഇനി വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടപ്പാക്കാനുള്ള സമയമാണ്. 

ENGLISH SUMMARY:

VD Satheesan government six months analysis reveals a mix of popular welfare schemes and emerging political challenges across Kerala. The administration faces mounting criticism over power cuts and internal coalition friction as the honeymoon period concludes.