ഭരണത്തിലേറി നാല് മാസം തികയും മുമ്പേ യുഡിഎഫ് മന്ത്രിമാർക്ക് അധികാരം തലയ്ക്കുപിടിച്ചോ? സ്വകാര്യ വ്യക്തികളുടെ ചെലവിലുള്ള ആഡംബര വിദേശ യാത്രകൾ മുതൽ പ്രവാസി വ്യവസായിയുടെ കോടികൾ വിലയുള്ള കാറിൽ കേരള സ്റ്റേറ്റ് ബോർഡ് വച്ചുള്ള കറക്കം വരെ അത് നീളുന്നു. മുന്തിയ എയർലൈനിൽ ഏറ്റവും വില കൂടിയ ക്ലാസിൽ കുടംബത്തോടൊപ്പമുള്ള ലക്ഷങ്ങൾ മുടക്കുള്ള യാത്ര സർക്കാർ ചെലവിലല്ലെന്ന് പറഞ്ഞാൽ മന്ത്രിമാരുടെ ഉത്തരവാദിത്തം അവസാനിച്ചോ? സംഘാടകരാണ് പണം മുക്കിയതെന്ന് വിശദീകരിച്ചാൽ മന്ത്രിമാരുടെ കൈകകൾ ശുദ്ധമായോ? സർക്കാർ അനുവദിച്ച കാർ നാല് ലക്ഷം കിലോമീറ്റർ ഓടി പഴഞ്ചനായതിനാൽ അതിസമ്പന്നനായ സുഹൃത്തിൻറെ ആഡംബര വണ്ടി ഔദ്യോഗികവണ്ടിയാക്കിയെന്ന് പറയുന്നതിൻറെ യുക്തിയെന്താണ്? പത്തുകൊല്ലം കഴിഞ്ഞുകിട്ടിയ അധികാരം ഏറ്റവും മുതിർന്ന മന്ത്രിമുതൽ ഇളമുറക്കാർ വരെ ആസ്വദിക്കുകയാണോ? തങ്ങൾ ഭരണവർഗ്ഗമാണ്, ആരും ചോദിക്കേണ്ടെന്ന് പ്രഖ്യാപിക്കുകയാണോ? പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം വിഴുങ്ങിയോ ? വൻഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയ ജനങ്ങളെ കൊഞ്ഞനംകാട്ടുകയാണോ? അധികാരക്കസേരയുടെ സുഖലോലുപതയില്‍ ആറാടുകയാണോ?