ഒരു രംഗം മാത്രം മുറിച്ചെടുക്കാം... അതിന് മറ്റൊരു പാട്ട് ചേർക്കാം... ഒരു നാടകത്തെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പാക്കി ചുരുക്കാം. പക്ഷേ ഒരു ചരിത്രത്തെ അങ്ങനെ മുറിച്ചുമാറ്റാനാകുമോ? ഒരു കലാകാരിയുടെ സമര്‍പ്പണത്തെ അങ്ങനെ അധിക്ഷേപിക്കാനാകുമോ? ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ അരങ്ങേറിയ 'മിസ' എന്ന നാടകം വിവാദത്തിലായത് അതിലെ ഒരു രംഗത്തിന്റെ പേരിലാണ്. പക്ഷേ ആ രംഗത്തിന് പിന്നിലുള്ളത് അടിയന്തരാവസ്ഥയുടെ ഇരുണ്ട ചരിത്രമാണ്. കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരിൽ തടവിലാക്കപ്പെട്ട സ്നേഹലത റെഡ്ഡിയുടെ ജീവിതവും അവർ നേരിട്ട ക്രൂരമായ ഭരണകൂട പീഡനവുമാണ് ഈ നാടകം അരങ്ങിലെത്തിക്കുന്നത്. ചരിത്രത്തിലെ ഒരു സ്ത്രീയുടെ ശരീരത്തെയും വേദനയെയും അധികാരത്തിന്റെ ക്രൂരതയെയും എങ്ങനെ അവതരിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആർക്കാണ്? വിമർശനങ്ങള്‍ കലാകാരിയുടെ ശരീരത്തിലേക്കും വ്യക്തിജീവിതത്തിലേക്കും സൈബർ അധിക്ഷേപത്തിലേക്കും മാറുന്നിടത്ത് അത് കലാവിമർശനമാണോ, ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണോ?