ഹര്‍ ഘര്‍ തിരംഗ, എന്നുവച്ചാല്‍ എല്ലാ വീട്ടിലും ത്രിവര്‍ണം. ഇന്നലെ മുതല്‍ സ്വാതന്ത്ര്യദിനമായ അടുത്ത ശനിവരെ രാജ്യം ഈ ആഘോഷത്തിലാണ്. വന്ദേമാതരത്തിന്റെ 150ആം പിറന്നാളായതുകൊണ്ട് വന്ദേമാതര ആലാപനവും കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നു. അങ്ങനെ സംസ്ഥാനത്ത് കേന്ദ്ര നിര്‍ദേശം പൂര്‍ണമായി പാലിക്കാന്‍ നിര്‍ദേശിച്ച് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവാണ് ഇവിടെ വലിയ വിവാദങ്ങളില്‍ ഒന്ന്. വന്ദേമാതരത്തിന് രാജ്യത്തിന്റെതന്നെ ആദരമുണ്ട്. ഭരണഘടനാനിര്‍മാണ അസംബ്ലിയില്‍ത്തന്നെ ജനഗണമനയ്ക്കൊത്ത ആദരം വന്ദേമാതരത്തിനുമുണ്ടാകുമെന്ന് തീരുമാനിച്ചതാണ്. പക്ഷെ 1937ല്‍ കോണ്‍ഗ്രസ് തീരുമാനിച്ചപോലെ ആദ്യ രണ്ട് ഖണ്ഡികയാണ് പിന്നീട് പൊതുവില്‍ ആലപിച്ചുവന്നത്. ഔദ്യോഗികപരിപാടികളില്‍ പൂര്‍ണമായി പാടണമെന്ന കേന്ദ്രതാല്‍പര്യം ഒരു വശത്ത്. അപമാനിച്ചാല്‍ കുറ്റകരമാകുന്ന നിയമനിര്‍മാണം പിന്നാലെ. അപ്പോള്‍ ചോദ്യങ്ങള്‍ ഒരുപാടുണ്ട്. വ്യക്തതവരേണ്ടത് പലതുണ്ട്. ഒന്നാമത്തെ കാര്യം ഇന്നലെമുതലുള്ള ആഴ്ചയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ടോ? പുറത്തുവന്ന സര്‍ക്കാര്‍ കത്തിടപാടുകളില്‍ പൂര്‍ണമായി പാടണമെന്ന് കാണുന്നില്ല. രണ്ട്, വന്ദേമാതരത്തിന്റെ കാര്യത്തില്‍ മന്ത്രിസഭയൊരു തീരുമാനമെടുക്കുംമുമ്പേ ചീഫ് സെക്രട്ടറി തദ്ദേശവകുപ്പ് സെക്രട്ടറിക്ക് നിര്ദേശംനല്‍കിയത് എന്തിനാണ്? സിപിഎം ആരോപിക്കുംപോലെ ഈ നിര്‍ദേശത്തിന് മുമ്പ് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയോ? ലോക്ഭവന്‍ പറഞ്ഞിട്ടാണ് ചീഫ് സെക്രട്ടറി കത്തുനല്‍കിയതെന്ന വാദം പൊളിയുമ്പോള്‍, നമ്മുടെ വിദ്യാഭ്യാസമന്ത്രി പറഞ്ഞത് നുണയോ? ഒടുവില്‍ സംസ്ഥാനത്ത് നമ്മള്‍ കാണാന്‍ പോകുന്നത് എന്താണ്?