madhya-pradesh

Image Credit : NDTV

മൃതദേഹം കൊണ്ടുപോകാനോ അവസാനമായി ഒരുനോക്ക് കാണാനോ മക്കള്‍ എത്താത്തതിനെ തുടര്‍ന്ന് 70കാരന്‍റെ സംസ്കാരച്ചടങ്ങുകള്‍ ഏറ്റെടുത്ത് നടത്തി വൃദ്ധസദനം അധികൃതര്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് മനസാക്ഷിയെ മരവിക്കുന്ന സംഭവം നടന്നത്. നാല് മക്കളുളള 70 വയസുകാരന്‍ ഘന്‍ശ്യാമാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വൃദ്ധസദനത്തില്‍ മരിച്ചത്. മരണവിവരം മക്കളെ അറിയിച്ച് രണ്ട് ദിവസത്തോളം വൃദ്ധസദനം അധികൃതര്‍ മൃതദേഹവുമായി കാത്തിരുന്നെങ്കിലും ആരും തന്നെ വന്നില്ല. തുടര്‍ന്നാണ് ഘന്‍ശ്യാമിന്‍റെ സംസ്കാരം വൃദ്ധസദനം നടത്തിപ്പുകാരിയായ മാധുരി മിശ്ര സ്വയം ഏറ്റെടുത്ത് നടത്തിയത്.

നാല് മക്കളുളള ഘന്‍ശ്യാമിന്‍റെ ഭാര്യ നാലാമത്തെ കുട്ടിക്ക് രണ്ട് വയസ് പ്രായമുളളപ്പോഴാണ് മരണപ്പെട്ടത്. തുടര്‍ന്ന് ഘന്‍ശ്യാം ജീവിച്ചതെല്ലാം ഈ നാല് മക്കള്‍ക്ക് വേണ്ടിയായിരുന്നു. രണ്ട് ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും അടങ്ങുന്നതായിരുന്നു ഘന്‍ശ്യാമിന്‍റെ ലോകം. ഇന്‍ഡോറില്‍ ചെറിയൊരു സൈക്കിൾ ടയർ-ട്യൂബ് കച്ചവടം നടത്തിയാണ് ഘന്‍ശ്യാം ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. മക്കളെയെല്ലാം വളര്‍ത്തി വിവാഹം കഴിപ്പിച്ച ശേഷം ഉണ്ടായിരുന്ന സ്വത്തുവകകള്‍ ഘന്‍ശ്യാം അവര്‍ക്ക് വീതിച്ച് നല്‍കുകയും ചെയ്തു. എന്നാല്‍ സ്വത്ത് ലഭിച്ചശേഷം മക്കളാരും പിതാവിനെ തിരിഞ്ഞുനോക്കാതായി. ഒടുവില്‍ പക്ഷാഘാതം വന്ന് ശരീരത്തിന്‍റെ പാതിതളര്‍ന്ന ഘന്‍ശ്യാമിനെ സാമൂഹ്യപ്രവര്‍ത്തകരാണ് ഒരു ബസ് സ്റ്റാന്‍ഡില്‍ നിന്നും അവശനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് അവരെല്ലാം ചേര്‍ന്ന് അസുഖബാധിതനായ ഘന്‍ശ്യാമിനെ ഒരു വൃദ്ധസദനത്തില്‍ എത്തിക്കുകയായിരുന്നു. മക്കളാരും തന്നെ പിതാവ് വൃദ്ധസദനത്തിലുണ്ടെന്ന് അറിഞ്ഞിട്ട് തിരിഞ്ഞുനോക്കിയില്ലെന്ന് വൃദ്ധസദനം നടത്തിപ്പുകാരിയായ മാധുരി മിശ്ര പറയുന്നു. പിതാവിന്‍റെ അസുഖവിവരം അറിയിച്ച് പലതവണ നാലുമക്കളെയും മാറിമാറി വിളിച്ചെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെയൊരു പിതാവില്ലെന്നും ഇനി വിളിക്കരുതെന്നുമായിരുന്നു മറുപടിയെന്നും മാധുരി മിശ്ര വ്യക്തമാക്കി. 4 വര്‍ഷക്കാലം വൃദ്ധസദനത്തില്‍ കഴിഞ്ഞ ശേഷമാണ് ഘന്‍ശ്യാം മരണത്തിന് കീഴടങ്ങിയത്. ഒടുവില്‍ മരണവിവരം മക്കളെ അറിയിച്ചെങ്കിലും ആരും തന്നെ വരാന്‍ തയാറായില്ല. രണ്ട് ദിവസത്തിലധികം മൃതദേഹം സൂക്ഷിക്കാനുളള സൗകര്യം തങ്ങളുടെ പക്കലില്ലാത്തതിനാല്‍ സംസ്കാരം സ്വയം ഏറ്റെടുത്ത് നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് മാധുരി മിശ്ര പറയുന്നു.

സംസ്കാരം നടത്തിയ വിവരം അറിയിച്ചപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യമാണ് മക്കള്‍ മുന്നോട്ട് വച്ചതെന്നും മാധുരി മിശ്ര കൂട്ടിച്ചേര്‍ത്തു. മാധുരി മിശ്രയുടെ വാക്കുകള്‍ ഇങ്ങനെ...'ഘൻശ്യാം ജിയുടെ മരണ സർട്ടിഫിക്കറ്റ് ഞാൻ ഒരു കാരണവശാലും അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകില്ല. ഇത് തീരുമാനിക്കാൻ നിങ്ങളൊക്കെ ആരാണെന്ന് ചോദിച്ച് ആളുകൾ ഞങ്ങളെ അസഭ്യം പറയുന്നുണ്ട്. എന്നാൽ ഞങ്ങൾക്ക് അദ്ദേഹവുമായി ഒരു ആത്മബന്ധമുണ്ടായിരുന്നു. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ കാണാൻ വരാത്തവരും, മരിച്ചപ്പോൾ തിരിഞ്ഞുനോക്കാത്തവരും എന്തിനാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റ് ചോദിക്കുന്നത്' എന്ന് മാധുരി മിശ്ര പറയുന്നു.

ENGLISH SUMMARY:

Abandoned by his children, a 70-year-old man's funeral was conducted by the old age home staff in Madhya Pradesh, India. The staff ensured dignity in his final rites after his four children refused to claim his body, highlighting a heart-wrenching tale of parental neglect.