സിപിഐയെ നിര്‍ത്തിയങ്ങ് അപമാനിക്കുകയാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. അര്‍ഹതയില്ലാത്ത പ്രതിപക്ഷ ഉപനേതാവ് പദവി ചോദിക്കുന്ന സിപിഐയെ ഗൗനിക്കേണ്ട കാര്യമില്ലെന്നാണ് നിലപാട്. സിപിഐ പലതും ആവശ്യപ്പെടുമെന്നും അതൊന്നും ചര്‍ച്ച ചെയ്യേണ്ടതില്ല എന്നുമാണ് ഇന്നലെ പിണറായി പറഞ്ഞത്. ഇത് സിപിഐക്ക് ശരിക്കും പൊള്ളി. അതുകൊണ്ടാണ് പിണറായിയുടെ പരിഹാസത്തിന് തക്ക മറുപടിയുമായി എത്തിയത്. അങ്ങനെ എന്തെങ്കിലും പറയുന്നവരല്ല സിപിഐ എന്നും തങ്ങള്‍ പറഞ്ഞത് കേള്‍ക്കേണ്ട സമയത്ത് കേട്ടിരുന്നെങ്കില്‍ ഇടതുമുന്നണിക്ക് ഈ ഗതിയുണ്ടാകുമായിരുന്നില്ല എന്നുമാണ് സിപിഐ അസി. സെക്രട്ടറി പി.പി.സുനീര്‍ പ്രതികരിച്ചത്. അത് കേട്ടാല്‍ തോന്നുക, സിപിഐ മാത്രം കഴിഞ്ഞ സര്‍ക്കാരില്‍ മാതൃകാപരമായ നിലപാടുകള്‍ എടുത്ത പാര്‍ട്ടിയാണ്, മുന്നണിയുടെ തോല്‍വിയില്‍ സിപിഐക്ക് ഒരു ഉത്തരവാദിത്തവുമില്ല എന്നാണ്. എന്തായാലും, പിണറായി പറഞ്ഞത് പാര്‍ട്ടി നിലപാട് തന്നെയാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നുവരെ പറഞ്ഞു സുനീര്‍. പിണറായി പറഞ്ഞതിനപ്പുറം ഒരു നിലപാട് ഇന്നത്തെ സിപിഎമ്മിന് ഉണ്ടാകുമെന്ന് സിപിഐക്ക് തോന്നിയത് എങ്ങനെയാണെന്നറിയില്ല. പിന്നീട് പ്രതികരിച്ച എംവി ഗോവിന്ദന്‍ സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് പറയുന്നുണ്ട്. പക്ഷേ, ആ ചര്‍ച്ച പ്രതിപക്ഷ ഉപനേതാവ് പദവി ആര്‍ക്ക് വേണമെന്ന് തീരുമാനിക്കാനല്ല, എന്തുകൊണ്ട് സിപിഎമ്മിന് തന്നെ അത് വേണമെന്ന് സിപിഐയെ ബോധ്യപ്പെടുത്താന്‍ മാത്രമാണ്. പിണറായിയുടെ പരിഹാസം സാഹചര്യം സങ്കീര്‍ണമാക്കിയോ? സിപിഐ പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ ജനവിധി മറ്റൊന്നാകുമായിരുന്നോ?