തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞത് സിപിഎമ്മാണെന്നും അപ്പോള്‍ തിരുത്തേണ്ടത് പാര്‍ട്ടിയാണെന്നും തളിപ്പറമ്പ് എംഎല്‍എ ടി.കെ. ഗോവിന്ദന്‍. തന്‍റെ നിലപാട് ശരിയാണ്, അത് എല്ലാവരും അംഗീകരിച്ചു. എന്താണ് താന്‍ ചെയ്ത തെറ്റെന്ന് എം.വി .ജയരാജന്‍ പറയണം. തെറ്റായ രീതിയില്‍ നയിക്കുന്നവരാണ് വര്‍ഗവഞ്ചകര്‍. അത് ജനം തിരിച്ചറിഞ്ഞതിനാലാണ് പ്രതിപക്ഷത്തായത്. അധികാരമോഹം പാര്‍ട്ടിയില്‍ കൊടികുത്തിവാഴുന്നു. അത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മനസിലാക്കണമെന്നും ടി.കെ.ഗോവിന്ദന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
Also Read: ‘സിപിഎം വിട്ട് എംഎല്‍എമാരായവര്‍ വര്‍ഗവഞ്ചകര്‍’; തിരിച്ചടിച്ച് വി. കുഞ്ഞികൃഷ്ണന്‍
ഇതിനിടെ തെറ്റ് തിരുത്തിയാല്‍ സിപിഎം വിമത എംഎല്‍എമാര്‍ക്ക് തിരിച്ചുവരാമെന്ന നിലപാടില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജന്‍ മലക്കംമറിഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളിപ്പറഞ്ഞതോടെയാണ് ജയരാജന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പറഞ്ഞത് വിഴുങ്ങിയത്. എന്ത് തെറ്റാണ് ചെയ്തതെന്ന വി. കുഞ്ഞികൃഷ്ണന്‍റെ ചോദ്യത്തിന് വര്‍ഗ വഞ്ചകരാണെന്ന് എംവി ഗോവിന്ദന്‍ മറുപടി നല്‍കി.
.
തെറ്റു തിരുത്തിയാല്‍ വി. കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും പാര്‍ട്ടിയില്‍ തിരിച്ചുവരുന്നതില്‍ തടസമില്ലെന്നാണ് എം വി ജയരാജന്‍ ആദ്യമെടുത്ത നിലപാട്. വിമത എംഎല്‍എമാര്‍ വിഴിഞ്ഞം തുറമുഖം, പിഎംശ്രീ എന്നീ വിഷയങ്ങളില്‍ യോജിക്കുന്നുണ്ടോ എന്നും എംവി ജയരാജന്‍ ചോദിച്ചു. ഇതിനുള്ള മറുപടിയിലാണ് ജയരാജനെ പൂര്‍ണമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തള്ളിയത്.
ഇതോടെ വിശദീകരണവുമായി എംവി ജയരാജന്‍ വീണ്ടുമെത്തി. നിലപാട് തിരുത്താത്തവര്‍ വര്‍ഗ വഞ്ചകര്‍ തന്നെയാണെന്ന എംവി ഗോവിന്ദന്‍റെ നിലപാട് ജയരാജനും ഏറ്റുപിടിച്ചു.
അതിനിടെ താന്‍ ചെയ്ത തെറ്റ് എന്താണെന്ന ചോദ്യവുമായി വി കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തി.