ഉമ്മൻ ചാണ്ടി സർക്കാരിൻറെ അവസാന കാലം പ്രക്ഷുബ്ധമാക്കിയത് മദ്യവിവാദമാണ്. ബാർകോഴ കൊടുങ്കാറ്റിൽ സർക്കാരും മുന്നണിയും ആടിയുലഞ്ഞു. ആരോപണമുയർത്തിയും അന്വേഷണം ആവശ്യപ്പെട്ടും നേതാക്കൾ പരസ്പരം പടവെട്ടി. പിന്നെ പത്തുവർഷം വനവാസമായിരുന്നുവെന്നത് കോൺഗ്രസുകാർ കഴിഞ്ഞ ഒരു മാസം കൊണ്ടു മറന്ന ചരിത്രം. പുതിയ സർക്കാരും വീര്യംകുറഞ്ഞ മദ്യത്തിന്‍റെ വീര്യമേറിയ വിവാദത്തിൽ കുടുങ്ങുകയാണോ? മുഖ്യമന്ത്രി ഒരു പക്ഷത്തും എക്സൈസ് മന്ത്രി മറുപക്ഷത്തും. പ്രമുഖരായ കോൺഗ്രസ് നേതാക്കളും യുദ്ധപ്രഖ്യാപനത്തിലാണ് . ഉമ്മൻ ചാണ്ടിക്കാലത്തെ കഥാപാത്രങ്ങളിൽ പലരും കളത്തിലുണ്ട്. സഭകളും സമുദായങ്ങളും ആയുധമെടുത്തിട്ടുണ്ട്. ഉയരുന്ന പ്രധാന ചോദ്യം- യുഡിഎഫിന്‍റെ മദ്യനയം എന്താണ്? മുന്നണിയിലോ, മന്ത്രിസഭയിലോ ചർച്ച നടന്നിട്ടുണ്ടോ? എൽഡിഎഫിന്‍റെ നയം നടപ്പാക്കുകയാണോ യുഡിഎഫിൻറെ രാഷ്ട്രീയ ദൗത്യം? എൽഡിഎഫ് അബ്കാരി ചട്ടം ഭേദഗതി ചെയ്തുവെന്നത് സത്യം. നികുതി തീരുമാനിച്ചത് തുടർ നടപടി മാത്രമാണെന്നത് സാങ്കോതിക വാദം മാത്രമല്ലേ? ഇപ്പോഴത്തെ പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള ധാർമ്മികാവകാശം ഇല്ലെന്നത് സത്യം. എന്നാൽ പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞതെല്ലാം അധികാരത്തിലെത്തിയപ്പോൾ യുഡിഎഫ് നേതാക്കൾ വിഴുങ്ങിയോ?