p-rajeev

പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എത്രയോ തവണ ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയായപ്പോൾ അങ്ങനെയുള്ള മണ്ടത്തരമൊന്നും കാണിക്കാൻ കിട്ടില്ലെന്ന നിലപാടിലെത്തിയെന്ന പരിഹാസവുമായി മുന്‍മന്ത്രി പി രാജീവ്. വരുമാനം കുറയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞയാൾ അതിനേക്കാൾ വേഗതയിൽ നികുതി കുറയ്ക്കാൻ ബജറ്റിൽ തയ്യാറായി. പക്ഷേ, അത് പെട്രോളിനും ഡീസലിനുമായിരുന്നില്ലെന്നും മദ്യത്തിനായിരുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

മദ്യക്കമ്പനി ഇക്കാര്യം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അന്ന് അതിന് തയ്യാറായിരുന്നില്ല. യു.ഡി.എഫ് അധികാരത്തിൽ വേഗതയിൽ തീരുമാനമായി. ജനങ്ങൾക്ക് ആശ്വാസം ലഭിക്കുന്ന രീതിയിൽ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാത്ത മുഖ്യമന്ത്രി മദ്യക്കമ്പനിയുടെ ആവശ്യം അനുവദിച്ച് ശരിയായ പക്ഷം പ്രകടിപ്പിച്ചു. വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് ചുരുങ്ങിയ വിലയ്ക്ക് ശീതളപാനീയം പോലെ വിൽക്കാൻ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്.

എക്സൈസ് വകുപ്പ് ഇതൊന്നുമറിഞ്ഞില്ലെന്നും വിൽക്കാൻ അനുവദിക്കണോ വേണ്ടയോ എന്ന് നയപരമായി തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി പറയുന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നിലവിൽ നിരോധനമുണ്ടെന്നും നയപരമായി തീരുമാനിച്ചാൽ മാത്രമേ വിൽപ്പന അനുവദിക്കുകയുള്ളൂവെന്നാണോ മന്ത്രി പറഞ്ഞതിന്റെ അർത്ഥം!. വിൽക്കാൻ നിയമപരമായി അനുമതിയില്ലാത്തതിന് ബജറ്റിൽ നികുതി പ്രഖ്യാപിക്കുമെന്നാണോ എക്സൈസ് മന്ത്രി കരുതുന്നത്?

വിൽക്കണമെങ്കിൽ ഉയർന്ന നികുതി അടയ്ക്കണമെന്ന മദ്യക്കമ്പനിയുടെ പ്രശ്നമാണ് വിൽപ്പന നടത്താത്തതിന് കാരണം. ആ ബുദ്ധിമുട്ടാണ് ഇപ്പോൾ മുഖ്യമന്ത്രി പരിഹരിച്ചുകൊടുത്തത്. ഒറ്റ മാസത്തിനുള്ളിൽ എന്തൊക്കെയാണ് കേരളം കണ്ടത്!. – അദ്ദേഹം കുറിച്ചു. 

പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന് നല്‍കിയിരിക്കുന്നത് ദുരൂഹമാണെന്നും കോടികളുടെ അഴിമതിയാണെന്നും ഇടത് എംപി എഎ റഹിം അഭിപ്രായപ്പെട്ടു. 251% എന്ന ഉയർന്ന നിരക്കിൽ നിലവിൽ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് ഇപ്പോൾ 120% മുതൽ 175% വരെയുള്ള നികുതി ഘടനയിലേക്ക് വെട്ടിക്കുറയ്ക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

സാധാരണ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നൽകാൻ മടിക്കുന്നവർ, മദ്യത്തിന് ഈ ആനുകൂല്യം നൽകുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാൻ വിയർക്കും. 

മുഖ്യമന്ത്രിക്ക് ‘ബക്കാർഡിയുടെ ഗന്ധം!!.’ ഈ വിഷയത്തിൽ മുസ്ലീം ലീഗും, കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. 

യു ഡി എഫിനായി തെരുവുകളിൽ തൊണ്ടപൊട്ടി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാർ ഇപ്പോൾ എന്ത് പറയുന്നു?. എല്ലാത്തിലും വലിയ കൗതുകം 

എ കെ ആന്റണിയുടെ നിലപാട് അറിയാനാണെന്നും എഎ റഹിം പരിഹസിച്ചു. 

ENGLISH SUMMARY:

Malayala Manorama Online News reports that CPI(M) leaders P. Rajeev and A.A. Rahim have sharply criticized the Kerala government's decision to slash taxes on low-alcohol beverages while refusing to lower fuel prices. The opposition leaders alleged corruption and favoritism towards liquor companies, questioning the logic behind prioritizing alcohol tax relief over public welfare.