മദ്യനയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് കാന്തപുരം വിഭാഗം. ഈ മദ്യനയവുമായി മുഖ്യമന്ത്രി മുന്നോട്ട് പോകരുതെന്നും ഇത് മദ്യ വ്യാപനത്തിന് ഇടയാക്കുമെന്നുമാണ് വിമര്‍ശനം. വീര്യം കുറഞ്ഞത്, കൂടിയത്, ശുദ്ധമായത് എന്നിങ്ങനെ മദ്യത്തെ തരം തിരിക്കുന്നത് വിഡ്ഢിത്തമാണെന്നും പ്രകടനപത്രികയോട് നീതി പുലര്‍ത്തണമെന്നും കാന്തപുരം വിഭാഗത്തിന്റെ മുഖപത്രത്തിലെ എഡിറ്റോറിയല്‍ പറയുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തുമെന്നുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനമാണ് വിമര്‍ശനത്തിന് കാരണം. പുതിയ മദ്യ നയം ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാകുന്നതാണ്. മദ്യ വ്യാപനത്തിന് ഇടയാക്കും. പുതിയ മദ്യ കമ്പനികളുടെയും ഇനങ്ങളുടെയും കുത്തൊഴുക്കിനു കാരണമാകും. വക്കാണ് വലുത് എന്ന് പലവട്ടം പറഞ്ഞിട്ടുള്ള മുഖ്യമന്ത്രി പുതിയ നയവുമായി മുന്നോട്ട് പോകരുത്. തിരഞ്ഞെടുപ്പിന്ന് മുൻപ് പറഞ്ഞതിനോടും പ്രകടന പത്രികയോടും നീതി പാലിക്കണം. ഓപ്പറേഷൻ തൂഫാൻ ഒരു വശത്തു നടക്കുമ്പോൾ ആണ് മദ്യ വ്യാപനം എന്നിങ്ങനെയാണ് വിമര്‍ശനം.
2022-23ലെ അബ്കാരി നയത്തിൽ കൊണ്ടുവന്ന ഭേദഗതികൾക്ക് നിയമപരമായ വ്യക്തത നൽകിക്കൊണ്ടാണ് ബജറ്റില്‍ വീര്യം കുറഞ്ഞ മദ്യത്തിനു പ്രത്യേക നികുതിഘടന പ്രഖ്യാപിച്ചത്. 120%, 175% എന്നിങ്ങനെയാണ് 0.5% മുതൽ 20% വരെ വീര്യമുള്ള മദ്യത്തിന്റെ നികുതി ഘടന. ബിയർ, വൈൻ എന്നിവയൊഴികെ വിപണിയിലിറങ്ങാൻ പോകുന്ന വീര്യം കുറഞ്ഞ പുതിയ ഉൽപന്നങ്ങൾക്കാണ് ഈ നികുതി ബാധകമാകുക. ഇതുവരെ ഈ വിഭാഗത്തിൽ നിന്നുള്ള നികുതി എത്രയെന്നതിൽ കൃത്യതയില്ലായിരുന്നു. കേരള പൊതു വിൽപന നികുതി നിയമപ്രകാരം ഇതിന് വ്യക്തത വരുത്തുന്നതാണ് ബജറ്റിലെ പുതിയ പ്രഖ്യാപനം.