പോയവര്‍ഷം ഓഗസ്റ്റ് 15നാണ് താരസംഘടനയായ അമ്മയില്‍ ചരിത്രം പിറന്നത്. ആദ്യമായി അമ്മയെ നയിക്കാന്‍ വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടെന്ന ചരിത്രം. ശ്വേത മേനോന് പ്രസിഡന്റായും കുക്കു പരമേശ്വരന് ജനറല്‍ സെക്രട്ടറിയായുമാണ് ഭരണസമിതി ചുമതലയേറ്റത്. വിപ്ലവകരമായ മാറ്റങ്ങളുടെ തുടക്കമാകും അതെന്ന് കരുതിയവര്‍ക്ക് തെറ്റി. കുശുമ്പും കുന്നായ്മയും തുടങ്ങി ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിലേക്ക് വരെ കാര്യങ്ങളെത്തി. തര്‍ക്കങ്ങള്‍ പൊലീസ് കേസായി. ഭരണസമിതി രണ്ട് ചേരിയായി പരസ്പരം പരസ്യമായി തന്നെ വിഴുപ്പലക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആകെ നാറിയ സംഘടനയും അംഗങ്ങളും പൊതുസമൂഹത്തിന് മുന്നില്‍ വീണ്ടും വീണ്ടും പരിഹാസ്യരായി. ഒടുവില്‍ അനിവാര്യമായ വീഴ്ചയും സംഭവിച്ചിരിക്കുന്നു. ഭരണസമിതിയുടെ രാജി മാത്രമല്ല, അമ്മയിലെ അംഗത്വമടക്കം രാജിവച്ചിരിക്കുകയാണ് ശ്വേതമേനോന്. വനിതകളുടെ നേതൃത്വത്തിലെത്തിയ ഭരണസമിതിക്ക് ഒരുവര്‍ഷം തികയ്ക്കാനാവാതെ പോയത് എന്തുകൊണ്ടാണ്? സ്ത്രീകളുടെ നേതൃത്വം അംഗീകരിക്കാനുള്ള മടിയാണോ? അജന്‍ഡ വച്ച് പുറത്താക്കിയതോ?