തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിയ സിപിഎം റിപ്പോർട്ട് തന്നെ തിരുത്തേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ബ്രാഞ്ച് മുതൽ ജില്ലവരെയുള്ള ഘടകങ്ങളിൽ അംഗങ്ങൾ ഉയർത്തിയ വിമർശനം ഒഴിവാക്കി റിപ്പോർട്ട് തയ്യാറാക്കിയത് ആർക്കുവേണ്ടിയാണ്? പിണറായി വിജയനും എം വി ഗോവിന്ദനും സ്ഥാനമൊഴിയണമെന്ന ശക്തമായ ആവശ്യം വെട്ടിയത് എന്തിനാണ്? സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കണം എന്ന പൊതുവികാരം അവഗണിച്ചത് ആരെ സംരക്ഷിക്കാനാണ്? നേതൃമാറ്റമല്ലാതെ മറ്റൊരു വഴിയില്ല എന്ന വിമർശനം ഉൾക്കൊള്ളാതെ എന്ത് തിരുത്താണ് നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്? സെക്രട്ടേറിയറ്റിലും സംസ്ഥാനസമിതിയിലും റിപ്പോർട്ടിനെതിരെ ഉയർന്ന എതിർപ്പുകൾ എങ്കിലും പരിഗണിക്കുമോ? എല്ലാം കീഴ്ഘടകങ്ങളിൽ ചാരിയുള്ള രക്ഷാപ്രവർത്തനം നേതൃത്വത്തിന് അവസാനിപ്പിക്കേണ്ടി വരുമോ? സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിനെതിരെ നടപടിയെടുത്തും അയ്യപ്പ സംഗമത്തിൽ പിഴയേറ്റുപറഞ്ഞും വർഗ്ഗീയ പ്രസ്താവനകളിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞും മാത്രം സിപിഎമ്മിന് തടിതപ്പാനാകുമോ? ഇതിനെല്ലാം ഉത്തരവാദി ആരെന്ന് തുറന്നു പറഞ്ഞും അവരെ മാറ്റി നിർത്തിയും അല്ലാതെ പാർട്ടിക്ക് ജനവിശ്വാസം വീണ്ടെടുക്കാനാകുമോ?