പാര്‍ട്ടി തോറ്റതെങ്ങനെ എന്ന ചോദ്യത്തിന് സിപിഐ നേതാക്കള്‍ക്ക് ഉത്തരമുണ്ട്. തെറ്റുകള്‍ തിരുത്താന്‍ തയാറാകാതിരുന്നതാണ് കനത്ത പരാജയത്തിന് കാരണം. ഈ തിരിച്ചറിവ് സര്‍ക്കാരിനെ നയിച്ച സിപിഎമ്മിനുണ്ടോ ? ആശ തൊഴിലാളികളോട് , ആരോഗ്യരംഗത്തെ വീഴ്ചകളോട്, ക്ഷേമ പെന്‍ഷന്‍ ചോദിച്ച അമ്മമാരോട്, സമരം ചെയ്ത യുവാക്കളോട്, ശബരിമല സ്വര്‍ണക്കൊള്ളക്കാരോട്, രക്തസാക്ഷി ഫണ്ട് വെട്ടിച്ചവരോട് എല്ലാമെടുത്ത സമീപനം തെറ്റായിരുന്നു എന്ന് ആ പാര്‍ട്ടി തിരിച്ചറിയുന്നുണ്ടോ ?

കടക്കു പുറത്ത് എന്ന് മാധ്യമങ്ങളോടും വീട്ടില്‍ പോയി ചോദിച്ചാല്‍ മതി എന്ന് സ്വന്തം അണികളോടും ആക്രോശിച്ച മുഖ്യമന്ത്രിയെ ഫ്ലക്സ് ബോര്‍ഡിലെ ചിരിച്ച പടത്തിലൂടെ ജനകീയനാക്കാന്‍ ശ്രമിച്ച മണ്ടത്തരം പത്തുവര്‍ഷം ഭരിച്ച പാര്‍ട്ടി മനസിലാക്കുന്നുണ്ടോ ? മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍ക്ക് രണ്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ ചിലവില്‍ കിടപ്പാടമുണ്ടാക്കാന്‍ കഴിയാതെ പോയവര്‍, അണക്കെട്ട് തുറന്നുവിട്ട് പ്രളയമുണ്ടാക്കിയവര്‍, കോവിഡ് മഹാമാരിയെപ്പോലും പ്രചാരവേലയ്ക്ക് മറയാക്കിയവര്‍, ഇവര്‍ക്കെല്ലാമുള്ള ഉത്തരമാണോ കേരളം നല്‍കിയത് ?

എല്ലാ തെറ്റുകളെയും ന്യായീകരിച്ച് മൂന്നാം സര്‍ക്കാരിനായി കാത്തിരുന്ന ഇടത് ബുദ്ധിജീവികള്‍ക്കും ഉത്തരം കിട്ടിയോ ? വിമര്‍ശനങ്ങളും വിയോജിപ്പുകളും പറയുന്നവരെ സൈബര്‍ ഇടത്ത് വലിച്ചുകീറിയാല്‍ മാറുന്നതല്ല മലയാളിയുടെ രാഷ്ട്രീയ ബോധവും ജനാധിപത്യ പ്രതികരണവുമെന്ന് ഒരിക്കൽക്കൂടി എന്ന് രാഷ്ട്രീയ പാര്‍ട്ികള്‍ തിരിച്ചറിയുമോ ? വോട്ടർമാർ എൽഡിഎഫിനെ പഠിപ്പിച്ച പാഠമെന്താണ്?