വിഴിഞ്ഞം തീരത്തൊരു കപ്പല്‍ വിവാദം അടുത്തിട്ട് ,ആരോപണങ്ങളുടെ കണ്ടെയ്നറുകള്‍ ഇറങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. വിശദീകരണങ്ങള്‍ പലത് വന്നപ്പോള്‍ വ്യക്തതയായോ? ഒരാഴ്ചയ്ക്കുശേഷവും നിലനില്‍പ്പുള്ള ചോദ്യങ്ങളേതൊക്കെയാണ്? മുഖ്യമന്ത്രി ഓഹരികൈമാറ്റനീക്കം നേരത്തെയറിഞ്ഞുവെന്ന ആക്ഷേപത്തിന് ഇനി ജീവനുണ്ടോ? യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന താല്‍പര്യം ബലികഴിച്ചു എന്ന ആരോപണം ബാക്കിയുണ്ടോ? തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പത്തെ വിഡി സതീശന്റെ മംഗളൂരു യാത്രയുമായി ബന്ധിപ്പിച്ചും ധനം–നിയമം–തുറമുഖം വകുപ്പുകള്‍ സതീശന്‍ കൈവശം വയ്ക്കുന്നതിനെ വിമര്‍ശിച്ചും നടത്തിയ ആക്ഷേപങ്ങള്‍ ശക്തിപ്പെട്ടോ, ദുര്‍ബലമായോ? സിപിഎം മുഖപത്രത്തില്‍ വാര്‍ത്തയായി, അതിനാല്‍ മുന്‍ സര്‍ക്കാരുമറിഞ്ഞു എന്ന വാദത്തില്‍ മെറിറ്റെത്ര? ഓഹരി കൈമാറ്റത്തിന് കണ്‍സഷന്‍ കരാറില്‍ വ്യവസ്ഥയുണ്ടെന്നും സര്‍ക്കാരിന്റെ അനുമതിയോടെയെ പറ്റൂവെന്നും അതിന്റെ ഘട്ടങ്ങള്‍ നടക്കുന്നതേയുള്ളു എന്നും വിശ്വസിക്കാന്‍ തടസമെന്താണ്? ഏറ്റവുമൊടുവില്‍, പിണറായി വിജയന്‍തന്നെ ഈ ഗൗരവത്തില്‍ ഉന്നയിച്ച ആക്ഷേപത്തെയടക്കം തള്ളിക്കളയുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ നിലപാട് വ്യക്തമാക്കുന്നതെന്താണ്?