രണ്ട്  വര്‍ഷം മുമ്പൊരു ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട മുണ്ടക്കൈ–ചൂരല്‍മലനിവാസികളെ ലോകമെങ്ങുമുള്ള മലയാളികൾ ഏറ്റെടുത്തതാണ്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസക്യാമ്പ് നടത്തിപ്പിനും കേരളം കൈകോർത്തു. പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രമല്ല, സന്നദ്ധസംഘടനകൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പണം നൽകാൻ മലയാളിക്ക് മടിയില്ലായിരുന്നു.  അയൽസംസ്ഥാനങ്ങളടക്കം വൻ തുക കൈമാറി. ദുരന്തത്തിന് രണ്ടു വർഷം തികയാൻ മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ അൻപതിലേറെ വീടുകളിലേക്ക് ദുരിതബാധിതരെ കൈപിടിച്ചുകയറ്റി മുസ്​ലിം ലീഗ് മാതൃകയായി. വീട് മാത്രമല്ല, വീട്ടുപകരണങ്ങളും പാത്രങ്ങളും ഒരു മാസത്തെ ഭക്ഷണത്തിനുള്ള കിറ്റും നൽകിയാണ് ലീഗ് പുതിയ ജീവിതത്തിന് വാതിൽ തുറന്നത്. 

തിരഞ്ഞെടുപ്പിന് മുമ്പ് വീട് കൈമാറിയതെന്നും തിരഞ്ഞെടുപ്പിന് ശേഷം വീടല്ല പട്ടയമാണ് കൈമാറിയതെന്നും സര്‍ക്കാര്‍ മാറ്റി പറയുമ്പോളാണ് മുസ്​ലിം ലീഗ് മാതൃകയാവുന്നത്. ദുരന്ത പുനരധിവാസത്തിന്‍റെ ഒന്നാമത്തെ ഉത്തരവാദിത്തം പേറുന്ന സര്‍ക്കാരിന് ലീഗ് ചെയ്തത് സാധ്യമാവാതെ പോയതെന്ത് ?   സർക്കാര്‍ പണിയുന്ന നാനൂറ് വീടും മഴക്കു മുമ്പേ പൂർത്തിയാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം യാഥാര്‍ഥ്യമാകുമോ? 750 കോടി രൂപ ജനങ്ങൾ നൽകിയിട്ടും പ്രഖ്യാപിച്ചതിൻറെ നാലിലൊന്ന് വീടുപോലും സർക്കാരിൻറെ കാലാവധി തീരും മുമ്പ് കൈമാറാനാകാത്തത് എന്തുകൊണ്ടാണ്? പുനരധിവാസം സർക്കാരിൻറെ ഉത്തരവാദിത്തമായിരിക്കെ സ്വന്തം വീഴ്ച മറയ്കാൻ പ്രതിപക്ഷത്തെ കുറ്റം പറയുന്നത് ശരിയോ? സർക്കാർ‍ മാത്രമല്ല, മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസും ലീഗിൽ നിന്ന് പഠിക്കുമോ?

ENGLISH SUMMARY:

The exemplary rehabilitation efforts by the Muslim League for victims of the Mundakai-Chooralmala landslide, providing over fifty homes with furnishings and supplies. This initiative stands in contrast to the government's delayed housing projects and changing promises regarding land deeds.