ഡല്‍ഹിയില്‍ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയറിച്ച് നടി മഞ്ജു വാരിയര്‍. മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടതെന്നും മഞ്ജു വാരിയര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. നമ്മുടെ യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും മഞ്ജു വാരിയര്‍ കൂട്ടിച്ചേര്‍ത്തു. വൈകിയാണെങ്കിലും സിജെപി സമരത്തിന് പിന്തുണയറിയിച്ച രംഗത്തെത്തിയ മഞ്ജുവിന് വലിയ പിന്തുണയാണ് സൈബറിടത്ത് ലഭിക്കുന്നത്.
മഞ്ജു വാരിയര്‍ പങ്കുവച്ച കുറിപ്പ്
'മാനുഷികത. അതാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്. നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുളള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണം. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്നങ്ങള്‍ സംരക്ഷിക്കപ്പെടട്ടെ' എന്നും മഞ്ജു സമൂഹമാധ്യമത്തില്‍ കുറിച്ചു.
അതേസമയം നടന്‍ മമ്മൂട്ടിയും സിജെപി പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. യുവാക്കളാണ് നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ സമ്പത്തെന്നും അവരുടെ ശബ്ദങ്ങൾക്ക് ചെവികൊടുക്കണമെന്നുമാണ് മമ്മൂട്ടി പ്രതികരിച്ചത്. പ്രകാശ് രാജ്, ശബാന ആസ്മി, രജ്ഞിനി ഹരിദാസ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നും പ്രമുഖര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയറിച്ച് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.