പരീക്ഷക്രമക്കേടില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞതോടെ സോനം വാങ്ചുക്കിനോട് നിരാഹാരം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. പരീക്ഷാ ക്രമക്കേടിന് കാരണക്കാരായ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ഇതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും മോദി എക്സിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് സല്‍മാല്‍ ഖാന്‍റെ പ്രതികരണം. പ്രതിഷേധം മതിയാക്കി വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടുകൊണ്ടാണ് സല്‍മാന്‍ ഖാന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്.
സല്‍മാന്‍ ഖാന്‍ പങ്കുവച്ച പോസ്റ്റ്
'വിദ്യാഭ്യാസപരമായും സുരക്ഷാപരമായും വിദ്യാർത്ഥികൾക്കാണ് പ്രഥമ പരിഗണന, അതിനാൽ വിദ്യാർത്ഥികളോ അവരുടെ മാതാപിതാക്കളോ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ല. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്; ഈ ചോദ്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ അദ്ദേഹം കർശന നടപടിയെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ വിദ്യാർത്ഥികളേ, ദയവായി നിങ്ങളുടെ വീടുകളിലേക്കും മാതാപിതാക്കളുടെ അടുത്തേക്കും മടങ്ങുക. സോനം, ഇതോടെ ഇത് അവസാനിച്ചു സഹോദരാ. ഇത് ഇനി നീട്ടിക്കൊണ്ടുപോകരുത്. ആവശ്യമെങ്കിൽ ഈ വീര്യം മറ്റൊരു ദിവസത്തേക്ക് കാത്തുവെക്കൂ. അതിനുള്ള സാഹചര്യം വരും എന്ന് ഞാൻ കരുതുന്നില്ല. എന്തെങ്കിലും കഴിക്കൂ....വേണമെങ്കിൽ ഞാൻ വീട്ടിൽ നിന്ന് ഭക്ഷണം കൊടുത്തയക്കാം' സല്‍മാന്‍ ഖാന്‍ എക്സില്‍ കുറിച്ചു.
ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് നേരത്തെ തന്നെ പിന്തുണയറിയിച്ച് രംഗത്തെത്തിയ താരമാണ് സല്‍മാന്‍ ഖാന്‍. സമാധനപരമായ സമരം അക്രമാസക്തമായതിൽ ദുഃഖമുണ്ടെന്നും താൻ മർദനമേറ്റ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും സൽമാൻ ഖാൻ വ്യക്തമാക്കിയിരുന്നു. അതേസമയം സിജെപി പ്രക്ഷോഭത്തിന് പിന്തുണയറിച്ച് നിരവധി പ്രമുഖരാണ് ഇപ്പോള്‍ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. പ്രകാശ് രാജ്, ശബാന ആസ്മി, രഞ്ജിനി ഹരിദാസ് എന്നിവര്‍ക്ക് പിന്നാലെ മമ്മൂട്ടിയും മഞ്ജു വാര്യരുമടക്കം സിജെപി പ്രതിഷേധത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തി.