ഡല്‍ഹിയില്‍ വീണ്ടും പ്രതിപക്ഷത്തിന്‍റെ നാടകീയ നീക്കം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം ചേര്‍ന്ന ഇന്ത്യ സംഖ്യ എംപിമാര്‍ ബിര്‍ള ഹൗസിന് മുന്നില്‍ ധര്‍ണയിരിക്കാന്‍ തീരുമാനിച്ചു. യോഗത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി എക്സിലാണ് സമരപ്രഖ്യാപനം നടത്തിയത്. ഗാന്ധി സ്മൃതിയിലേക്ക് പുറപ്പെടുകയാണെന്നും ഇന്ത്യയിലെ വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല. മുഴുൻ പ്രതിപക്ഷവും അവർക്കൊപ്പവും അവരുടെ ആവശ്യങ്ങൾക്കൊപ്പവും നിലകൊള്ളുന്നുവെന്നും രാഹുല്‍ എഴുതി.
ഗാന്ധിജി വെടിയേറ്റ് വീണ തീസ് മാര്‍ഗിലെ ഗാന്ധിസ്മൃിതിയിലേക്ക് മൂന്നു ബസുകളിലായാണ് എം.പിമാര്‍ യാത്രതിരിച്ചത്. ബിര്‍ളാ ഹൗസില്‍ എംപിമാര്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. അതേസമയം, എംപിമാരുടെ ബസുകള്‍ ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് തടഞ്ഞു. ബസിനൊപ്പം നടക്കുന്ന പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ എടുത്തുമാറ്റിയാണ് ബസിന് വഴിയൊരുക്കുന്നത്.
ബസ് തടഞ്ഞ സമയം രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടു. വിദ്യാര്‍ഥികള്‍ റോഡില്‍ പ്രതിഷേധിക്കുമ്പോള്‍ പ്രതിപക്ഷ എംപിമാരും തെരുവില്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എംപിമാര്‍ ഇന്ത്യ ഗേറ്റിലേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തടഞ്ഞു. ഗാന്ധി സ്മൃതിയിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ അതിനെയും തടയുന്നു. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് പ്രധാനമായും പോകുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, നാലു തവണ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടും സിജെപിയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായിട്ടില്ലെന്ന് കേന്ദ്രം ഇന്ന് വ്യക്തമാക്കി. സര്‍ക്കാര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് എപ്പോഴും തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. സമരക്കാരെ ജെപി നഡ്ഡയുടെ വീട്ടിലോ ഓഫീസിലോ കാണാം എന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ നിക്ഷ്പക്ഷ വേദിയില്‍ മാത്രമെ ചര്‍ച്ച നടക്കുകയുള്ളൂ എന്നാണ് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കിയത്.