ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ന്യൂഡൽഹിയിലെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന സുനേരി ബാഗ് അഞ്ചാം നമ്പർ റോഡിലും പരിസരങ്ങളിലും ഡൽഹി പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. വ്യാഴാഴ്ച രാത്രിയോടെ സുനേരി ബാഗ് റോഡ് 90 ശതമാനത്തോളം ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് അടയ്ക്കുകയും വാഹനഗതാഗതം കർശനമായി നിയന്ത്രിക്കുകയും ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്കു മുൻപിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പടർന്നതിനെ തുടർന്നാണ് ഡൽഹി പൊലീസ് പെട്ടെന്ന് വൻ സുരക്ഷാസന്നാഹമൊരുക്കിയതെന്നാണ് പ്രാഥമിക വിവരം.
ഉത്തരാഖണ്ഡിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച ബിരാം സേന അംഗങ്ങൾക്കെതിരെ കേസെടുക്കാത്തതിൽ രാഹുൽ ഗാന്ധി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനു പിന്നാലെ ദളിത് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ ഉത്തരാഖണ്ഡിൽ രാഹുൽ ഗാന്ധിക്കെതിരെ തന്നെ കേസ് രജിസ്റ്റർ ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഉത്തരാഖണ്ഡ് പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടിയുണ്ടാകുമെന്ന ഭയത്താൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാഗ്രതയിലാണ്.
അതിനിടെ, അമിത് ഷായുടെ കൃഷ്ണമേനോൻ മാർഗിലെ വസതിയിലേക്കുള്ള പ്രധാന വഴി സുനേരി ബാഗ് കൂടിയായതിനാൽ അവിടെ ധർണ നടത്താൻ കോൺഗ്രസ് നീക്കം നടത്തുന്നുവെന്ന വിവരമാണ് പോലീസിനെ ബാരിക്കേഡുകൾ നിരത്തി റോഡ് അടയ്ക്കാൻ പ്രേരിപ്പിച്ചത്. മുൻപ് സമരത്തിൽ പങ്കെടുത്ത വിദ്യാർഥി പ്രതിനിധി നിഷു ആസാദിന് പിന്തുണയുമായി രാഹുൽ ഗാന്ധി എത്തിയതും രാഷ്ട്രീയ താപനില ഉയർത്തിയിട്ടുണ്ട്. നിലവിൽ രാഹുൽ ഗാന്ധിയുടെ വസതിക്കു സമീപം ഉയർന്ന പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും തുടർനടപടികളെയോ അറസ്റ്റ് സാധ്യതകളെയോ കുറിച്ച് ഡൽഹി പൊലീസോ ഉത്തരാഖണ്ഡ് പൊലീസോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.