പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും വിമർശനങ്ങളിലും വിശദീകരണവുമായി  കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. പെൺകുട്ടികളെ കുഴിച്ചുമൂടണമെന്ന് വിശ്വസിക്കുന്നവരല്ല തങ്ങളെന്നും സ്ത്രീകൾക്ക് രണ്ടാംസ്ഥാനമാണ് നൽകുന്നതെന്ന രീതിയിൽ പുറത്തുവരുന്ന പ്രചാരണങ്ങൾ പൂർണ്ണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമസ്തയ്ക്ക് കീഴിൽ ധാരാളം പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും മറ്റ് അവസരങ്ങളും നൽകി വരുന്നുണ്ടെന്നും അനാഥരായ നിരവധിയേറെ പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പൊതുരംഗത്തിറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നുമുള്ള കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ സർക്കാരും പ്രതിപക്ഷവും അടക്കം രൂക്ഷമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ നിന്ന് കടുത്ത വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് കാന്തപുരം രംഗത്തെത്തിയത്. 

അനാഥരായ പെണ്‍കുട്ടികളേയും സംരക്ഷിക്കുന്നുണ്ട്

പെൺകുട്ടികൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്ലാമിക ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയത്തിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പ്രസ്താവനകളെ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനുമായി നടത്തുന്ന ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടർന്നും മുന്നോട്ട് കൊണ്ടുപോകുമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി.

ENGLISH SUMMARY:

A.P. Aboobacker Musliyar has issued a clarification regarding the growing controversy over his recent remarks on women's presence in public spaces. He firmly rejected allegations that Islam or his organization treats women as second-class citizens, emphasizing that they do not endorse archaic practices against women. The response comes after widespread criticism from both the ruling government and opposition leaders who condemned his initial statement that women should stay at home to avoid social disruption. Kanthapuram highlighted the educational and charitable institutions operating under Samastha that empower women within Islamic principles and asserted that his previous statements were grossly misinterpreted.