ഇനി കൃത്യം പത്താംദിവസം നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ കുറിച്ച വിധിയെന്തെന്ന് അറിയാനാവും. യഥാര്‍ഥ ജനഹിതമെന്തെന്ന് അപ്പോഴേ അറിയൂ എങ്കിലും മുന്നണികളെല്ലാം വിജയപ്രതീക്ഷയില്‍ തന്നെയാണ്. പ്രതീക്ഷ അല്‍പം കൂടുതലുള്ള കോണ്‍ഗ്രസിലാകട്ടെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ നാള്‍ക്കുനാള്‍ കൊടുമ്പിരികൊള്ളുകയാണ്.
ചര്‍ച്ചകള്‍ എന്നതിനപ്പുറത്തേക്ക് കടുത്ത പോരായി അത് മാറുന്നതാണ് പിന്നീട് കണ്ടത്. പരിധിവിടുന്നുവെന്ന് തോന്നിയപ്പോള്‍ മുസ്ലി ലീഗ് അതൃപ്തി പ്രകടിപ്പിക്കുകയും തല്‍ക്കാലത്തേക്ക് ഒന്ന് അടങ്ങിയതുമാണ്. പക്ഷെ ഇപ്പോ വീണ്ടും പദവിക്കായുള്ള വടംവലി കടുക്കുകയാണ്.
മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്‍പര്യമില്ലെന്ന് പറഞ്ഞ കെ.സി.വേണുഗോപാല്‍ മുഖ്യമന്ത്രി പദവിയോട് താല്‍പര്യമുണ്ടോ ഇല്ലയോ എന്ന് തെളിച്ച് പറഞ്ഞില്ല. കെസിക്കും ആര്‍സിക്കും വിഡിക്കുമായി സൈബര്‍പ്പട പോരാടുകയാണ്. വീഡിയോകളും കാര്‍ഡുകളും പോസ്റ്ററുകളും ഒന്നിനുപിറകെ ഒന്നായി എത്തുന്നു.
എന്നാല്‍, ഈ തര്‍ക്കങ്ങളെല്ലാം നാലാംതീയതിവരെ മാത്രമാണെന്നും നല്ല ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ തുടരുമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് പറഞ്ഞത്. താല്‍പര്യമില്ലെന്ന് നേതാക്കള്‍ പറയുന്ന മുഖ്യമന്ത്രി ചര്‍ച്ച നടക്കുന്നത്, പിന്നെ ആരുടെ താല്‍പര്യത്തിലാണ്?