കേരളത്തില്‍ ജനം വിധിയെഴുതിക്കഴിഞ്ഞുള്ള  രണ്ടാമത്തെ ദിവസമാണ്. കണക്കുകള്‍ കൂട്ടിയും കിഴിച്ചും മുന്നണികള്‍ അവരുടെ സാധ്യതകള്‍ ചികയുന്ന ദിവസങ്ങള്‍. എല്ലാവര്‍ക്കുമുണ്ട് ജനവിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് പറയാന്‍ കാരണങ്ങള്‍. അതൊരുവഴിക്ക് നടക്കുന്നു. തിര‍ഞ്ഞെടുപ്പിന്റെ തലേനാള്‍ ബിജെപിക്ക്, പ്രത്യേകിച്ച് പാലക്കാട് മണ്ഡലത്തില്‍, വലിയ തിരിച്ചടിയായ വോട്ടിന് നോട്ട് ആരോപണം ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നത് കേരളം കണ്ടു. അതിനോടുള്ള ശോഭാ സുരേന്ദ്രന്റെ, പിന്നീട് വലിയ ട്രോളുകള്‍ക്ക് വഴിയൊരുക്കിയ, പ്രതികരണവും കണ്ടു. ഇന്ന് കേരളം കേട്ടത് ശോഭാ സുരേന്ദ്രന്റെ ഒരു ഫോണ്‍ സംഭാഷണമാണ്. കേട്ടാലറയ്ക്കുന്ന തരത്തില്‍ സ്വന്തം പാര്‍ട്ടിയിലെ പ്രാദേശിക നേതാവായ ബിന്ദു വിനയകുമാറിനെ ആക്ഷേപിക്കുകയും ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ശോഭ. തനിക്കെതിരെ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതിന്റെ പേരിലാണ് ഇതെല്ലാം. ആ സംഭാഷണത്തിന്റെ അവസാനം ശോഭ ചോദിക്കുന്നത് വോട്ടര്‍മാര്‍ക്ക് പണം കൊടുക്കാനുള്ള പെണ്ണിനെ ഇറക്കിയത് നീയല്ലേടി എന്നാണ്. എന്നുവച്ചാല്‍ അങ്ങനെയൊരു സ്ത്രീയുണ്ടെന്നും അവര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്നും ശോഭ സുരേന്ദ്രന്‍ സ്ഥിരീകരിക്കുകയാണ്. ഇനിയെന്തുവേണം തെളിവ്? 

ENGLISH SUMMARY:

A controversial phone conversation involving Shobha Surendran has surfaced, where she is heard verbally abusing and threatening a local party leader, seemingly confirming vote-for-cash allegations.