ഒരു പൊതുയോഗത്തിനിടെ മുഖ്യമന്ത്രിയെപ്പോലെ ഒരു വിഐപിയോട് ഒരു ചോദ്യംചോദിക്കുന്നത് ശരിയാണോ തെറ്റാണോ? ശരിയോ തെറ്റോ ആകട്ടെ, ആ ചോദ്യത്തോട് മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കുമെന്നാണ് നമ്മളൊക്കെ വിചാരിക്കുന്നത്? എന്തുവിചാരിച്ചാലും നമ്മുടെ മുഖ്യമന്ത്രി പറയും അതങ്ങ് വീട്ടില്‍പോയി ചോദിച്ചാല്‍മതി. അതാണിന്നലെ പത്തനംതിട്ടയില്‍ കണ്ടത്. ഓര്‍ക്കുക, ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് യോഗമാണ്. ചോദിച്ചത് ഉറച്ച പാര്‍ട്ടി പ്രവര്‍ത്തകനുമാണ്. സ്വന്തം അണികളെ ഉണ്ടാകൂ എന്ന് ഉറപ്പുള്ളിടത്താണ് ഈ മറുപടി. ഇതെന്ത് പ്രതികരണമാണ്? ഇതില്‍ തെളിഞ്ഞതെന്താണ്? മുഖ്യമന്ത്രിക്ക് കേട്ട ഭാവം നടിക്കാതിരിക്കാം, കേട്ടഭാവം നടിച്ച് മിണ്ടാതിരിക്കാം, പ്രസംഗം തുടരാം, ഇതൊന്നുമല്ല കണ്ടതെന്ന് മാത്രമല്ല, ഇന്നിപ്പോള്‍ ഈചോദ്യം ഉയര്‍ന്നപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി പറയുന്നത് സിപിഎം പ്രവര്‍ത്തകന്റെ ചോദ്യമാണ് പ്രശ്നമെന്നാണ്. മര്യാദയില്ലാത്തത് ആ ചോദ്യമെന്നാണ്. ഇന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മുഖ്യമന്ത്രി തന്റെ ചെറ്റത്തരം പ്രയോഗത്തെ ന്യായീകരിക്കുന്നതും നമ്മള് കണ്ടു. ജി.സുധാകരന് രാഷ്ട്രീയ ചെറ്റത്തരം കാണിച്ചുവെന്നാണ് പറഞ്ഞത്, അത് പതിവായി പറയുന്ന പ്രയോഗമാണ് എന്നുകൂടി പിണറായി വിജയന്. ഇത്തരം പരാമര്‍ശം രാഷ്ട്രീയകേരളം കേള്‍ക്കുന്നത് ആദ്യമല്ല, അതിനെ ന്യായീകരിക്കുന്ന ആദ്യത്തെ പ്രധാന രാഷ്ട്രീയനേതാവുമല്ല പിണറായി. എങ്കിലും ഇടതുപക്ഷം പണിയുന്ന നവകേരളത്തില്‍ ഇതൊക്കെയുണ്ടോ? എന്ത് മാതൃകയാണിത്? ആരോടാണീ ന്യായീകരണമെല്ലാം?