തെറ്റുതിരുത്തലിനായി വിശാല ജില്ലാ കമ്മിറ്റി യോഗം നാളെ തുടങ്ങാനിരിക്കെ പാലക്കാട്ടെ സിപിഎമ്മിനെ കുരുക്കി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്. ഷൊർണൂർ ലോക്കൽ കമ്മറ്റി അംഗത്തിനും കുടുംബത്തിനും വഴിവിട്ട രീതിയിൽ 7.7 കോടി വായ്‌പ അനുവദിച്ചത് ബാങ്കിനെ നഷ്ടത്തിൽ ആക്കിയെന്നാണ് കണ്ടെത്തൽ. ഈ തുക സിപിഎം മുൻ ഭരണസമിതി അംഗങ്ങളിൽ നിന്ന് തിരിച്ച് പിടിക്കണമെന്ന സഹകരണ സംഘം അസിസ്‌റ്റന്‍റ് റജിസ്ട്രാറുടെ റിപ്പോർട്ട് പാർട്ടിക്കകത്ത് പുതിയ പ്രതിസന്ധിയായി മാറുകയാണ്.
സിപിഎം ഷൊർണൂർ ലോക്കൽ കമ്മിറ്റി അംഗം പി.രാജേഷിനും കുടുംബത്തിനും 7.7 കോടി രൂപ ബാങ്ക് വായ്പ അനുവദിച്ചത് വ്യാജ രേഖകൾ ഉണ്ടാക്കിയും വഴിവിട്ട രീതിയിലും ആണെന്നാണ് റിപ്പോർട്ട്. സിപിഎം ഭരണസമിതി 2020- 21 കാലഘട്ടത്തിലാണ് ഷൊർണൂർ അർബൻ സഹകരണ ബാങ്കിൽ നിന്നും ഇത്തരത്തിൽ 11 വായ്പകൾ അനുവദിച്ചത്. ഈടായി നൽകിയ വസ്തുക്കൾക്ക് വായ്പയുടെ ആനുപാതികമായ മൂല്യം ഉണ്ടായിരുന്നില്ല.
ജില്ലയ്ക്ക് പുറത്തുള്ള ഭൂമി ഈടായി നൽകാൻ വ്യാജ റസിഡൻസ് സർട്ടിഫിക്കറ്റ് ചമച്ചു. ക്രമക്കേടിനെ തുടർന്ന് ബാങ്ക് നഷ്ടത്തിലായെന്ന സഹകരണ സംഘം അസിസ്റ്റൻ്റ് റജിസ്ട്രാറുടെ റിപ്പോർട്ട് പുറത്തുവന്നു.
അന്നത്തെ സിപിഎം ഭരണ സമിതിയിലെ ചെയർമാനും ജനറൽ മാനേജറും ഉൾപ്പെടെ 16 പേരിൽ നിന്ന് ഈ തുക തിരിച്ച് പിടിക്കണമെന്ന നിർദേശം പാർട്ടിയെ വെട്ടിലാക്കി.
ക്രമക്കേട് ചൂണ്ടികാട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.സലീഖ റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. നാളെയും മറ്റന്നാളും ചേരുന്ന സിപിഎം ജില്ലാ വിശാല കമ്മിറ്റിയിൽ ഒരു വിഭാഗം നേതാക്കൾ ഈ വിഷയം ഉന്നയിക്കും. മറ്റൊരു കരുവന്നൂർ മോഡൽ ബാങ്ക് തട്ടിപ്പാണിതെന്നും സമഗ്രമായ അന്വേഷണം വേണമെന്നും കോൺഗ്രസും ആവശ്യപ്പെട്ടു.