കേസുകള്‍ വന്നപ്പോള്‍ പിണറായി വിജയന്‍റെ മകളോടും കോടിയേരി ബാലകൃഷ്ണന്‍റെ മകനോടും സിപിഎം നേതൃത്വം രണ്ടുതരം സമീപനമെടുത്തുവെന്ന ആരോപണത്തിന് മറുപടിയുമായി ബിനീഷ് കോടിയേരി. കോടിയേരി ഒരിക്കലും കുടുംബാംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും കേസുകളും പ്രതിരോധിക്കാന്‍ പാര്‍ട്ടിയെ കവചമാക്കിയിട്ടില്ലെന്ന് ബിനീഷ് പറഞ്ഞു. ‘എത്രയോ നീചമായ ആക്രമണങ്ങള്‍ ഞങ്ങള്‍ക്കെതിരെ ഉണ്ടായിട്ടുണ്ട്. ജയിലില്‍ കിടക്കേണ്ട അവസ്ഥ പോലും ഉണ്ടായി. അപ്പോഴും ഈ പാര്‍ട്ടി അതിന് മറുപടി പറയേണ്ടതില്ല, അത് വ്യക്തിപരമായി കുടുംബം എന്ന രീതിയില്‍ നേരിടേണ്ടതാണ് എന്നാണ് കോടിയേരി എടുത്ത നിലപാട്. പാര്‍ട്ടിയെ കവചമാക്കുകയല്ല, പാര്‍ട്ടിക്ക് കവചകമാകുകയാണ് വേണ്ടത് എന്നാണ് അച്ഛന്‍ എല്ലായ്പ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.’ ബിനീഷ് ഓര്‍മിപ്പിച്ചു.
‘കര്‍ണാടകയില്‍ ജയിലില്‍ കിടന്ന സമയത്ത് ആഴ്ചയില്‍ ഒരിക്കല്‍ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ അച്ഛനെ വിളിക്കും. അന്ന് അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു. ഇന്ന് ഈ കേസില്‍ ഒരു ഉത്തരം പറഞ്ഞാല്‍ പാര്‍ട്ടി എക്കാലത്തും ഈ കേസിന്‍റെ കാര്യത്തില്‍ മറുപടി പറഞ്ഞുകൊണ്ടിരിക്കണം. അതുകൊണ്ട് പാര്‍ട്ടിയെ ഇത്തരം കാര്യങ്ങള്‍ക്കൊന്നും കവചമാക്കാനാവില്ല. അതുകേട്ടശേഷം ഞാന്‍ പിന്നെ ആ യാഥാര്‍ഥ്യവുമായി പരുവപ്പെട്ടു.’ – കോടിയേരിയുടെ ഓര്‍മദിനത്തില്‍ അനുസ്മരണപരിപാടിക്കുശേഷം ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. Read More: ‘എന്തു വന്നാലും നേരിടും, സിപിഎമ്മിന്‍റെ സഹായം ചോദിക്കില്ല’
‘ഇന്നത്തെ കേസില്‍ (വീണക്കെതിരായ ഇഡി കേസ്) പാര്‍ട്ടി എടുത്തിരിക്കുന്ന നിലപാട് അത് പാര്‍ട്ടിക്കെതിരായി വരുന്ന കേസാണെന്നാണ്. അപ്പോള്‍ രണ്ടും രണ്ടുതരത്തിലാണ് കാണേണ്ടത്. കേസൊക്കെ സമാനമാണ്, രാഷ്ട്രീയമായ കേസുകള്‍ തന്നെയാണ്. പക്ഷേ പാര്‍ട്ടി ഇപ്പോള്‍ എടുത്ത നിലപാട് രാഷ്ട്രീയമായി പാര്‍ട്ടിയെ ആക്രമിക്കാന്‍ വേണ്ടി എടുത്തിരിക്കുന്ന കേസാണെന്നാണ്. ആ അര്‍ഥത്തില്‍ പാര്‍ട്ടി അംഗം എന്ന നിലയില്‍ പാര്‍ട്ടി നിലപാടിനൊപ്പമാണ് ഞാന്‍ സഞ്ചരിക്കേണ്ടത്. പാര്‍ട്ടി കുടുംബം എന്ന നിലയിലും പാര്‍ട്ടി അനുഭാവി എന്ന നിലയിലും പാര്‍ട്ടി നയത്തിനൊപ്പം തന്നെയാണ് ഞാന്‍ സഞ്ചരിക്കേണ്ടത്. ആ നിലപാടിനും നയത്തിനും ഒപ്പംതന്നെയാണ് നിന്നതും.’ – ബിനീഷ് കോടിയേരി വ്യക്തമാക്കി.
കോടിയേരിയുടെ ഓര്‍മദിനത്തില്‍ പിണറായി വിജയനും എം.വി.ഗോവിന്ദനും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ എത്താതിരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ബിനീഷ് മറുപടി നല്‍കിയില്ല. ഇടക്ക് സംസാരിച്ച അമ്മ വിനോദിനി ബാലകൃഷ്ണനാണ് ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞത്. ‘കഴിഞ്ഞ മൂന്നു കൊല്ലവും അവരൊക്കെ വന്നിരുന്നു. ഇപ്പോൾ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ട സമയമാണ്. പാർട്ടിക്ക് അവരെയൊക്കെ കൂടുതൽ ആവശ്യമുള്ള സമയമാണ്. വിശാല ജില്ലാകമ്മിറ്റി യോഗങ്ങള്‍ നടക്കുകയാണ്. ഇതിനേക്കാൾ കൂടുതൽ അവരെ ആവശ്യമുള്ളത് അവിടെയാണ്. അവർ പിന്നീട് എപ്പോഴെങ്കിലും വരുമായിരിക്കാം.’ വിനോദിനി പറഞ്ഞു.
കോടിയേരിയെ വിസ്മൃതിയിലാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അദ്ദേഹം കൂടുതല്‍ ഊര്‍ജമായി സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കും എന്ന ഫെയ്സ്ബുക് പോസ്റ്റ് ബിനീഷ് കോടിയേരി വിശദീകരിച്ചു. കോടിയേരിയെ വിസ്മൃതിയിലാക്കാന്‍ ശ്രമം നടക്കുന്നു എന്നല്ല ഞാന്‍ പറഞ്ഞത്. ജനങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങൾ ചെയ്ത ഒരു ജനനേതാവിനെ ആരെങ്കിലും വിസ്മൃതിയിലാക്കാൻ ശ്രമിച്ചാൽ ആ നേതാവ് കൂടുതൽ ഊർജ്ജമായി ഈ സമൂഹത്തിൽ ഉയർന്നുനിൽക്കും എന്നത് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ്. അത് ആവര്‍ത്തിച്ചെന്ന് മാത്രമേയുള്ളുവെന്നും ബിനീഷ് പറഞ്ഞു.