സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയില്‍ മല്‍സരിക്കുന്ന ജി സുധാകരന്‍റെ പ്രവര്‍ത്തിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിഘണ്ടുവില്‍ ഒറ്റവാക്കേയുള്ളൂ– ചെറ്റത്തരം. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് മുന്നണി വിട്ട എന്‍.കെ പ്രേമചന്ദ്രനെ  പരനാറിയെന്നാണ് പിണറായി വിജയന്‍ വിളിച്ചത്. കൊല്ലം സീറ്റ് നിഷേധിച്ചതോടെ ആര്‍എസ്പി ഇടത് പാളയം വിട്ടതിലെ അടക്കാനാവാത്ത രോഷമാണ് അന്ന് അദ്ദേഹത്തെ പ്രകോപിപ്പിച്ചത് . നികൃഷ്ടജീവിയും കുലംകുത്തിയും ബോഡിവേസ്റ്റുമൊക്കെ നിറഞ്ഞ നിഘണ്ടു കുറെക്കാലം അടച്ചുവച്ചിരുന്ന പിണറായി വീണ്ടും അത് തുറക്കുകയാണോ?  മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയോട് പരസ്യമായി കലഹിക്കുന്നതും അവര്‍ എതിര്‍പാളയത്തിലെത്തുന്നതും  മുഖ്യമന്ത്രിയുടെ ഉള്ളില്‍ വല്ലാത്തൊരു വിദ്വേഷത്തിന് വഴിതെളിക്കുകയാണോ ? ജി.സുധാകരനും ടി.കെ ഗോവിന്ദനും പി.കുഞ്ഞികൃഷ്ണനുമടക്കം പാര്‍ട്ടിയുടെ ഉരുക്കുകോട്ടകളിലെ പ്രമുഖര്‍ കലഹിച്ച് പോകുന്നത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനാവുന്നില്ലേ? വര്‍ഗവഞ്ചകര്‍ പാര്‍ട്ടിക്കുള്ളിലാണ് എന്ന് പുറത്തുവന്നവര്‍ തെളിവുനിരത്തി വെല്ലുവിളിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം പ്രതിരോധത്തിലാകുന്നോ?  കലാപമുയര്‍ത്തിയവരെ രഹസ്യമായി പിന്തുണക്കുന്നവര്‍ പാര്‍ട്ടിക്കുള്ളിലുണ്ട് എന്ന തിരിച്ചറിവാണോ മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുന്നത്? അവര്‍ക്കുകൂടിയുള്ള മുന്നറിയിപ്പാണോ ചെറ്റത്തരം പ്രയോഗം? 

ENGLISH SUMMARY:

The term 'chethitharam' is being used by Chief Minister Pinarayi Vijayan in response to political shifts, such as G. Sudhakaran contesting in Ambalappuzha with UDF support after leaving the CPM. This follows a pattern of strong language used by Vijayan against leaders who have left the front, indicating a possible deep-seated animosity towards prominent figures openly disagreeing with the party.