LOVE YOU TO MOON AND BACK- കഴിഞ്ഞ ജനുവരി 12 തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന കേന്ദ്രവിരുദ്ധ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളംകുടിയ്ക്കാൻ എടുത്തുയർത്തിയ കപ്പിൽ എഴുതിയിരുന്നതാണ്. രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ലൈംഗികപരാതിയില് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പരാതിക്കാരിൽ ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് കപ്പിലെ എഴുത്താക്കി മുഖ്യമന്ത്രി ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. രണ്ടു മാസത്തിനിപ്പുറം ഇന്ന് പിണറായി മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഭാര്യ അതിഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു. മന്ത്രി കെ ബി ഗണേഷ്കുമാറിൻറെ കൺമുന്നിൽ പഴ്സൺൽ സ്റ്റാഫ് ശാരീരികമായി ആക്രമിച്ചപ്പോൾ പൊലീസ് നോക്കിനിന്നതും പിന്നെ സ്ഥലം വിട്ടതും അവർ ജനങ്ങളോട് തുറന്നുപറഞ്ഞിരിക്കുന്നു. സംഭവം അപ്പോഴേ മുഖ്യമന്ത്രിയുടെ മകളെ വിളിച്ചറിയിച്ചെന്നും മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ വെളിപ്പെടുത്തിയിരിക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവമാണ്. 112 എന്ന അടിയന്തര സഹായ നമ്പറിൽവിളിച്ചു പൊലീസിനെ വരുത്തിയതാണ് . മുഖ്യമന്ത്രിയുടെ മകളായ മറ്റൊരു മന്ത്രിഭാര്യെയ്ക്ക് വിവരം കൈമാറിയതാണ്. എന്നിട്ടും ഇതുവരെ ഒരു കപ്പും ഉയർന്നില്ല. ഒരു നടപടിയും എടുത്തില്ല. കോൺഗ്രസ് എംഎൽഎയുടെ രാജിയും നാട്കടത്തലും ആവശ്യപ്പെട്ട ഇടത് പുരുഷ വനിതാ നേതാക്കളും സഹയാത്രികരും സാസ്കാരിക നായകരും മിണ്ടിയിട്ടില്ല. ഇടത് വിദ്യാർത്ഥി, യുവജന സംഘടനകൾ അറിഞ്ഞ മട്ടില്ല. കോഴികളുമായുള്ള സമരമില്ല. വഴി തടയിലില്ല.. കെ ബി ഗണേഷ്കുമാർ രണ്ടാം പിണറായി മന്ത്രിസഭയിൽ തുടരുമോ? അടുത്ത തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകുമോ? ധാർമ്മികതയിൽ തീവ്രത അളന്ന് ഗണേഷ്കുമാറിനെ ഇടതുമുന്നണി ചേർത്ത് നിർത്തുമോ?