Image Credit: Twitter

പശ്ചിമ ബംഗാളിലെ സ്വകാര്യ സ്കൂളില്‍ നിന്ന് 1.77 കോടി രൂപ പിടിച്ചെടുത്തു. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് പണം കണ്ടെത്തിയത്. സ്കൂളിലെ പൂട്ടിക്കിടന്ന മുറിയിൽ നിന്ന് പണം നിറച്ച എട്ട് പാക്കറ്റുകളാണ് പൊലീസ് കണ്ടെടുത്തത്. മൂന്ന് കൗണ്ടിങ് മെഷീനുകൾ എത്തിച്ച് വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന പരിശോധനയിലാണ് തുക കൃത്യമായി എണ്ണിത്തിട്ടപ്പെടുത്താനായത്. സംഭവത്തിൽ സ്‌കൂളിലെ അക്കൗണ്ടന്റായ അഭിക് കുമാർ നാഗിനെയും ജൂനിയർ അക്കൗണ്ടന്റിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള കാഞ്ചൻപാറയിലെ ഒരു സ്വകാര്യ സ്കൂളിലാണ് വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നത്. സ്കൂളില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായും സ്കൂള്‍ മാനേജ്മെന്‍റ് സ്കൂള്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതായും പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. പരിശോധനയില്‍ ചില നിർണായക രേഖകളും പൊലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. 

സ്കൂളിലെ പൂട്ടിക്കിടന്ന മുറിക്കുളളിലെ അക്കൗണ്ട് ലോക്കർ തുറന്നപ്പോഴാണ് കോടികള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്. പണത്തിന്റെ ഉറവിടം എന്താണെന്നും ഇത്രയും വലിയ തുക എന്തിനാണ് സ്കൂളിൽ സൂക്ഷിച്ചിരുന്നതെന്നുമുളള പൊലീസിന്‍റെ ചോദ്യത്തിന് അക്കൗണ്ടന്‍റുമാരില്‍ നിന്നും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. സ്കൂളില്‍ നിന്ന് പിരിച്ചുകിട്ടിയ പണമാണെങ്കില്‍ എന്തുകൊണ്ട് ബാങ്കിൽ നിക്ഷേപിച്ചില്ല എന്നതിനെക്കുറിച്ച് തൃപ്തികരമായ മറുപടി നൽകാൻ കസ്റ്റഡിയിലുളളവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 

സംഭവത്തില്‍ കാഞ്ചന്‍പാറ മുനിസിപ്പാലിറ്റി ചെയർമാന്‍ കമൽ അധികാരി, ഗൗതം ഘോഷ്‌ ദസ്തിദാർ, അഭിക് കുമാർ നാഗ്, സയാൻ നാഗ് എന്നീ നാല് വ്യക്തികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. സാമ്പത്തിക ക്രമക്കേടുകളും വഞ്ചനയുമാണ് ഇവർക്കെതിരെയുള്ള ആരോപണങ്ങൾ എന്ന് പൊലീസ് വ്യക്തമാക്കി. മുൻ ബിജ്പൂർ എംഎൽഎ സുബോധ് അധികാരിയുടെ സഹോദരനാണ് കമൽ അധികാരി. സംഭവം പുറത്തുവന്നതോടെ പശ്ചിമ ബംഗാളിൽ ഇത് വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. 

ENGLISH SUMMARY:

West Bengal school scam involves the seizure of Rs 1.77 crore from a private school. Authorities conducted a late-night raid based on specific intelligence, discovering eight packets of cash in a locked room.