രണ്ടു ടേം മത്സരിച്ചവരെ ഒഴിവാക്കാനും അപൂവം നേതാക്കൾക്ക് മാത്രം ഇളവു നൽകാനും തീരുമാനിച്ചതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി നിർണ്ണയത്തിലെ ഹൈലൈറ്റ്. മൂന്നാം ഊഴം തേടുമ്പോൾ ടേം കടുംപിടിത്തമല്ല, വിജയ സാധ്യത മാത്രമാണ് മാനദണ്ഡമെന്നായി നയം മാറ്റം. എന്നാൽ സ്ഥാനാർത്ഥികളുടെ പേരുകൾ പുറത്തുവരുമ്പോൾ ടേമാണോ, വിജയ സാധ്യതയാണോ, സ്വജനപക്ഷപാതമാണോ, വൈരനിര്യാതനമാണോ മാനദണ്ഡമെന്ന സംശയം ആർക്കുമുണ്ടാവാം. ഉറപ്പുള്ള സീറ്റ് പാർട്ടി സെക്രട്ടറിയുടെ ഭാര്യ ഉറപ്പിക്കുമ്പോൾ, സിറ്റിംഗ് സീറ്റിൽ നിന്ന് കേന്ദ്രക്കമ്മിറ്റി അംഗമായ മുതിർന്ന വനിത നേതാവിനെ മുമ്പ് തോറ്റ സീറ്റിലേക്ക് നാട് കടത്തുന്നു. പ്രായത്തിൻറെയോ, രോഗത്തിൻറെയോ ക്ഷീണമുണ്ടെന്ന് സമ്മതിക്കാത്ത ഹൈറേഞ്ച് നേതാവിനെ, ആരോഗ്യകാരണങ്ങൾ കണ്ടെത്തി മാറ്റി നിർത്തുന്നു. വീണ്ടും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് പ്രഖ്യാപിക്കുന്ന മറ്റൊരു മുതിർന്ന നേതാവിനെ പരിഹാസ ചിരിയോടെ ഒഴിവാക്കുന്നു. ഒരു നിശ്ചയവുമില്ലേതിനും എന്ന മട്ടിൽ സഖാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുന്നു. മൂന്നാം വിജയത്തിൽ ആരൊക്കെ ഉണ്ടാവണമെന്നും ആരൊക്കെ ഉണ്ടാവരുതെന്നും ഉറപ്പിക്കുന്നതാണോ പുതിയ മാനദണ്ഡം?