പിഎം ശ്രീയിൽ യുഡിഎഫ് സർക്കാരിന്റെ മലക്കംമറിച്ചിൽ. പ്രതിപക്ഷത്തിരുന്നപ്പോൾ സംഘപരിവാർ അജണ്ടയെന്ന് വിളിച്ചെങ്കിലും ഇപ്പോൾ നിറംമാറി. അധികാരത്തിലെത്തിയാൽ അറബിക്കടലിലെറിയുമെന്ന് പറഞ്ഞ ആ ധാരണാപത്രം, ആമയിഴഞ്ചാൻ തോട്ടിലെറിയാൻ പോലും പറ്റിയ സ്ഥിതിയിലല്ലെന്നാണ് സർക്കാർ വിശദീകരണം. മുൻ സർക്കാർ ഒപ്പിട്ടു, കുരുക്കി... തടഞ്ഞുവെച്ചിരുന്ന ഫണ്ടും ഒപ്പിട്ടതിന് പിന്നാലെ കൈപ്പറ്റി.
ഇനി മറുവഴിയില്ലെന്ന് യുഡിഎഫ് കൂടി തീരുമാനിച്ചു. ഏതു സ്കൂളുകളിൽ പദ്ധതി നടപ്പാക്കണമെന്നതിലും സിലബസിന്റെ കാര്യത്തിലും സംസ്ഥാനത്തിന്റെ അവകാശം വിട്ടുകൊടുക്കില്ലെന്ന വ്യവസ്ഥ മുന്നോട്ടുവെച്ച് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. കേന്ദ്രത്തിന്റെ കാലുനക്കുകയാണ് എന്നാണ് സിപിഎമ്മിന്റെ വിമർശനം. ആർഎസ്‌എസിന് മുഖ്യമന്ത്രി വിധേയനായി എന്നും.
അപ്പോൾ മുൻപ് ഒരു അവധാനതയുമില്ലാതെ ഈ ഏകപക്ഷീയ മാനമുള്ള ധാരണാപത്രത്തിൽ, മന്ത്രിസഭയെപ്പോലും ഇരുട്ടിൽ നിർത്തി ഒപ്പിട്ട പിണറായി സർക്കാരോ? ഇക്കാര്യത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ മറുപടി ബോധ്യപ്പെടുന്നുണ്ടോ? യുഡിഎഫിന്റെയും കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും രാഷ്ട്രീയ മലക്കംമറിച്ചിലിന് ന്യായമുണ്ടോ?