ആരോഗ്യമന്ത്രി വീണാജോര്‍ജിന്‍റെ പരുക്കിന്‍റെ പേരില്‍ തമ്മിലടക്കുകയാണ് രാഷട്രീയ കേരളം. ദൃശ്യങ്ങളാണ് ആയുധം. സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ ഇന്നലെ രാത്രിയോടെ പ്രചരിപ്പിച്ച വീഡിയോ ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിക്കാട്ടി എം.വി.ജയരാജന്‍ ആവര്‍ത്തിച്ചു. നടന്നത് വധശ്രമം. കറുത്ത ഷര്‍ട്ടിട്ട കെ.എസ്.യുക്കാരന്‍ മന്ത്രിയുടെ തൊട്ടടുത്ത് എത്തിയതായി.. വട്ടമിട്ടും, സൂം ചെയ്തു വീഡിയോ... ആ ദൃശ്യത്തിന്‍റെ മേലുള്ള ചര്‍ച്ച ചൂടാറും മുന്‍പ് ... മറ്റു ആംഗിള്‍ കൂടി മനസിലാകുന്ന കൂടുതല്‍ വ്യക്തതയുള്ള വീഡിയോ KSU പുറത്തുവിടുന്നു. സീന്‍-ബൈ-സീന്‍ വിശദീകരിക്കപ്പെടുന്നു.. മൂന്ന് KSU പ്രര്‍ത്തകര്‍... ഒരാള്‍ കറുത്ത ഷര്‍ട്ട്, ഒരാള്‍ ഇളം പച്ച, ഒരാള്‍വെളുത്ത ഷര്‍ട്ട്.. മൂന്നുപേരും കരിങ്കൊടി മുദ്രാവാക്യങ്ങളോടെ ആരോഗ്യ മന്ത്രിക്ക് നേര്‍ക്ക് പാഞ്ഞടുക്കുന്നത് അതിലുണ്ട്. എന്നാല്‍ തല്ലുന്നതില്ല. തൊടുന്നതും ഇല്ല.
അപ്പോള്‍ സിപിഎം സൈബറിങ്ങള്‍ പുറത്തുവിട്ട വീഡിയോയിലെ ആ കറുത്ത ഷര്‍ട്ടുകാരന്‍ ആരാണ്?. അത് മന്ത്രിയുടെ ഗണ്‍മാന്‍ ആണ്. അപ്പോള്‍ കെ.എസ്.യുക്കാര്‍ എവിടെ വരെ എത്തി... പുറത്തുവന്ന വീഡിയോ പ്രകാരം ഇത്രയും പറയാം.. അവര്‍ മന്ത്രിയുടെ തൊട്ടടുത്തെത്തി. പക്ഷേ മന്ത്രിക്കും അവര്‍ക്കും ഇടയില്‍ ചുരുങ്ങിയത് മൂന്ന് പൊലീസുകാരെങ്കിലും ഉണ്ട്. മന്ത്രിയെ അത്രയും അകലത്തില്‍ സംരക്ഷിച്ച് നിര്‍ത്തി, അവരെ തൊടാന്‍ അനുവദിക്കാതെ പ്രതിഷേധക്കാരെ തൂക്കിയെടുത്ത് കൊണ്ടുപോകുന്നതാണ് ആ വീഡിയോയില്‍ ഉള്ളത്. ഇത്രയും കേരളം കണ്ടു. ഇത്രയും ആകുമ്പോള്‍ പോര്‍ വിളിയും പരിഹാസവും കനക്കുകയാണ്. എന്തായാലും മന്ത്രിക്ക് പരുക്കുണ്ട്, ദഹാസ്വാസ്ഥ്യമുണ്ട്.. അപ്പോള്‍ പരിഹസിക്കാതിരിക്കുക എന്നൊരു സമീപനം കോണ്‍ഗ്രസിനില്ല, മികച്ച അഭിനയമെന്നും നടികര്‍ തിലകമെന്നും വരെ ആക്ഷേപം, അക്രമിക്കുന്ന ദൃശ്യം തന്നാല്‍ ഒരു പവൻ സ്വർണം വരെ എന്ന് പരിഹാസം. മറുവശത്ത്.. പുറത്തുവന്ന ദൃശ്യങ്ങള്‍ അവിടെ നില്‍ക്കട്ടെ, ഞങ്ങള്‍ പറയുന്നതാണ് സത്യം എന്ന ലൈനില്‍ സിപിഎമ്മും നില്‍ക്കുന്നു. വധശ്രമമെന്ന് വാദം, അതേ മട്ടില്‍ എഫ്.ഐ.ആര്‍... കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു. ആരോഗ്യ മന്ത്രി ആശുപത്രിയിലായതിന്‍റെ രണ്ടാം നാള്‍ ...സത്യം തെളിഞ്ഞോ ? അതിരുവിടുന്നത് ആരെല്ലാമാണ് ?