ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്‍റെ പ്രതികാര നടപടിയാണോ ? വൈരാഗ്യം തീര്‍ക്കലാണോ ? ആണെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ജാമ്യഹര്‍ജിയില്‍ കണ്ഠരര് രാജീവര് മുന്നോട്ട് വച്ച വാദങ്ങള്‍ സര്‍ക്കാരിന് തലവേദനയാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു.
ശബരിമലയിലെ യുവതി പ്രവേശനകാലത്ത്, മലകയറാനെത്തിയ യുവതികള്‍ക്ക് സര്‍ക്കാര്‍ പൊലീസ് സംരക്ഷണമൊരുക്കി, രാഷ്ട്രീയ പിന്തുണ നല്‍കി, അതിനെതിരെ താന്‍ ശക്തമായ നിലപാട് സ്വീകരിച്ചു. വിശ്വാസികള്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചു. അന്ന് എല്ലാ ദിവസവും നട തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തു.
യുവതികളെ പ്രവേശിപ്പിച്ചാല്‍ പൂജകളടക്കം ചെയ്യാതെ ശബരിമലയിലെ നിത്യകര്‍മങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കും എന്ന് വരെ നിലപാടെടുത്തു. അതില്‍ തന്നെ വിമര്‍ശിച്ച് അന്നേ ഭരണകക്ഷിയിലെ പ്രമുഖര്‍ പ്രതികരിച്ചതാണ്. അവര്‌ക്ക് ആ വൈരാഗ്യമുണ്ട്.
ഇപ്പോള്‍ ഈ സ്വര്‍ണക്കവര്‍ച്ചയിലെ രണ്ട് കേസുകളില്‍ തന്നെ കുടുക്കി, അപമാനിച്ച് പ്രതികാരം തീര്‍ക്കുകകയാണ്. ഇതാണ് തന്ത്രി കോടതിയില്‍ മുന്നോട്ട് വച്ച വാദം. അറസ്റ്റ് ചെയ്ത് 41 ദിവസം തന്ത്രിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു.
ഒടുക്കം, തെളിവിന്‍റെ തരിപോലും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ഒടുവില്‍ കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത് എന്ന് കൂടി കാണുമ്പോള്‍.. എസ്.ഐ.ടിക്കും ക്ഷീണം ചെറിയ ക്ഷീണമല്ല അത്.