അധികാരമേറ്റ് ഒരുമാസം തികഞ്ഞിട്ടില്ല. ജനപ്രിയ തീരുമാനങ്ങള്‍ പലതുമുണ്ടെങ്കിലും വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല യുഡിഎഫ് സര്‍ക്കാരിനെ. മൂന്ന് നിയമനങ്ങള്‍ വിവാദമായപ്പോള്‍ രണ്ടെണ്ണത്തില്‍നിന്ന് പിന്‍വാങ്ങേണ്ടി വന്നു. ദേവസ്വം വകുപ്പ് സ്പെഷല്‍ പ്ലീഡറായി അഡ്വ.കെ.ബി.പ്രദീപിന്റെ നിയമനമാണ് അതില്‍ ഏറ്റവും പ്രധാനം. വിമര്‍ശനമുയര്‍ന്നതോടെ രാജിവച്ചെങ്കിലും ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. ആര്, എപ്പോള്‍, എങ്ങനെ, എന്തിനുവേണ്ടി ഇത്തരമൊരു നിയമനത്തിന് കളമൊരുക്കി എന്നതാണ് അറിയേണ്ടത്. സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാനുള്ള അണിയറ നീക്കമെന്ന് സംശയിക്കുന്നതായാണ് പ്രതിപക്ഷനേതാവ് പിണറായി വിജയന് ഇന്ന് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായകരേഖകള്‍ കെ.ബി. പ്രദീപ് കണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. ഇത് മാത്രമല്ല, സര്‍ക്കാര്‍ അഭിഭാഷക പട്ടികയില്‍ വിവാദനിയമനങ്ങള്‍ വേറെയുമുണ്ട്. ഇടത് പശ്ചാത്തലമുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആക്ഷേപമുണ്ട്. യുഡിഎഫ് നേതാക്കള്‍ പറയുന്നതുപോലെ, കേവലമായ ജാഗ്രതക്കുറവ് മാത്രമാണോ സംഭവിക്കുന്നത്. അതോ പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ഗൂഢലക്ഷ്യങ്ങള്‍ ഇതിന് പിന്നിലുണ്ടോ?