ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയതാര്, പോറ്റി അയ്യപ്പന്‍റെ മുതല്‍ കട്ടതിന് ഉത്തരം പറയേണ്ടതാര് തുടങ്ങിയ ചോദ്യങ്ങള്‍ അങ്ങനേ നില്‍ക്കെ, പോറ്റി ജയിലില്‍നിന്ന് ഇറങ്ങി. ദ്വാരപാലക ശില്‍പപാളിക്കേസിലും കട്ടിളപ്പാളിക്കേസിലും മുഖ്യപ്രതിയായ പോറ്റി മൂന്നുമാസത്തിലേറെയായി ജയിലിലാണ്. രണ്ടുകേസിലും കുറ്റപത്രം നല്‍കിയിട്ടില്ല എസ്ഐടി. രണ്ടുകേസിലും 90 ദിവസം അകത്തുകിടന്ന പോറ്റി സ്വാഭാവികജാമ്യമാണ് ഇപ്പോള്‍ നേടിയത്. അങ്ങനെ നാല് പ്രതികള്‍ ഇപ്പോള്‍ പുറത്താണ്. കുറ്റപത്രം വൈകിയാല്‍ അടുത്ത ദിവസങ്ങളില്‍ സിപിഎം നേതാക്കളായ എ.പത്മകുമാറിനും എന്‍.വാസുവിനും അടക്കം ജാമ്യം കിട്ടും. സ്വാഭാവിക ജാമ്യത്തില്‍ ആശങ്ക വേണ്ടെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്നലെ വാക്കാല്‍ പറഞ്ഞതാണ് ആരോപണങ്ങളില്‍ സര്‍ക്കാര്‍ പക്ഷത്തിന് പിടിവള്ളി. പോറ്റി പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്നതാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. മോഷണവസ്തു എവിടെ? എത്ര സ്വര്‍ണമാണ് കള്ളന്മാര്‍ അടിച്ചുമാറ്റിയത് എന്നൊന്നും ഇപ്പോഴും എസ്ഐടിക്ക് അറിയാത്ത സാഹചര്യത്തില്‍ ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലേ? എസ്ഐടിക്ക് വഴിമുടങ്ങിയതെവിടെ? ദുര്‍ഘടമാണ് അന്വേഷണവഴി എന്നിരിക്കെ, എസ്ഐടിയില്‍ പ്രതിപക്ഷം പൂര്‍ണ അവിശ്വാസം രേഖപ്പെടുത്തുന്നത് ശരിയോ? പോറ്റി ഇറങ്ങിയതോ ഇറക്കിയതോ?